അഞ്ച് വര്‍ഷത്തിനുശേഷമാണ് കമിന്‍സിന് ബൗളര്‍മാരിലെ ഒന്നാം സ്ഥാനം നഷ്ടമാവുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയതാണ് കമിന്‍സിന് തിരിച്ചടിയായത്.

ദുബായ്: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിന് ഒന്നാം റാങ്ക് നഷ്ടമായി. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ മിന്നുന്ന പ്രകടനമാണ് 40കാരനായ ആന്‍ഡേഴ്സണെ വീണ്ടും ഒന്നാമതെത്തിച്ചത്. രണ്ടാം റാങ്കിലുണ്ടായിരുന്ന അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ റാങ്കിംഗിലും അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

അഞ്ച് വര്‍ഷത്തിനുശേഷമാണ് കമിന്‍സിന് ബൗളര്‍മാരിലെ ഒന്നാം സ്ഥാനം നഷ്ടമാവുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയതാണ് കമിന്‍സിന് തിരിച്ചടിയായത്. 20 വര്‍ഷം നീണ്ട കരിയറില്‍ ഇത് ആറാം തവണയാണ് ആന്‍ഡേഴ്സണ്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 2016ലാണ് സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡിനെ പിന്തള്ളി ആന്‍ഡേഴ്സണ്‍ ആദ്യം ഒന്നാമതെത്തിയത്. 866 റേറ്റിംഗ് പോയന്‍റുള്ള ആന്‍ഡേഴ്സണ് തൊട്ടുപിന്നില്‍ 864 പോയന്‍റാണ് അശ്വിനുള്ളത്. ഓസ്ട്രേലിയക്കെതിരെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ തിളങ്ങിയാല്‍ അശ്വിന് ഒന്നാം സ്ഥാനത്തെത്താനാവും.

Scroll to load tweet…

പുതിയ റാങ്കിംഗില്‍ 858 റേറ്റിംഗ് പോയന്‍റുമായി കമിന്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തി രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കളിയിലെ താരമായത് ജഡേജയായിരുന്നു. ജഡേജ തന്നെയാണ് ഓള്‍ റൗണ്ടര്‍മാരിലും ഒന്നാമത്. ഓള്‍ റൗണ്ടര്‍മാരില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ അക്സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

10 ടെസ്റ്റുണ്ടെങ്കില്‍ ഇന്ത്യ 10-0ന് പരമ്പര ജയിച്ചേനെ, ഇത് ഓസ്ട്രേലിയയുടെ ഡ്യൂപ്ലിക്കേറ്റ് ടീമെന്ന് ഹര്‍ഭജന്‍

ബൗളിംഗ് റാങ്കിംഗില്‍ നേഥന്‍ ലിയോണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മാറ്റമില്ല. റിഷഭ് പന്ത് ആറാം സ്ഥാനത്തും രോഹിത് ശര്‍മ ഏഴാമതുമാണ്. ചേതേശ്വര്‍ പൂജാര ഒരു സ്ഥാനം ഉയര്‍ന്ന് 25-ാമതും വിരാട് കോലി പതിനാറാമതുമാണ്. മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും തന്നെയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.