ആറാം നമ്പര്‍ പിച്ചിലാണ് ഇന്ന് മത്സരം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 21ന് ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട്, നവംബര്‍ രണ്ടിന് ഇന്ത്യ - ശ്രീലങ്ക മത്സരത്തിനും ഉപയോഗിച്ചത് വാങ്കഡെ സ്റ്റേഡിയത്തിലെ ആറാം നമ്പര്‍ പിച്ചാണ്.

മുംബൈ: ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ സെമി ഫൈനലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പിച്ച് മാറ്റിയത് കടുത്ത വിവാദമായിരുന്നു. മത്സരം ഇന്ത്യക്ക് അനുകൂലമാക്കാന്‍ അവസാന നിമിഷം ബിസിസിഐ പിച്ച് മാറ്റിയെന്നായിരുന്നു ആരോപണം. മുന്‍ തീരുമാനപ്രകാരം ലോകകപ്പില്‍ വാങ്കഡെയില്‍ നടക്കുന്ന സെമി ഉള്‍പ്പെടെയുള്ള അഞ്ച് മത്സരങ്ങള്‍ക്ക് 6-8-6-8-7 പിച്ചുകളാണ് യഥാക്രമം ഉപയോഗിക്കേണ്ടിയിരുന്നത്. 6-8-6-8 എന്ന രീതിയില്‍ മാറ്റിമറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനര്‍ത്ഥം പുതിയ പിച്ചില്‍ കളിക്കേണ്ടതിന് പകരം മുമ്പ് ഉപയോഗിച്ച പിച്ചില്‍ തന്നെ മത്സരം നടക്കുകയായിരുന്നു. 

ആറാം നമ്പര്‍ പിച്ചിലാണ് ഇന്ന് മത്സരം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 21ന് ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട്, നവംബര്‍ രണ്ടിന് ഇന്ത്യ - ശ്രീലങ്ക മത്സരത്തിനും ഉപയോഗിച്ചത് വാങ്കഡെ സ്റ്റേഡിയത്തിലെ ആറാം നമ്പര്‍ പിച്ചാണ്. മുംബൈയില്‍ ഇതുവരെ മത്സരത്തിന് ഉപയോഗിക്കാതിരുന്ന ഏഴാം നമ്പര്‍ പിച്ചിലായിരുന്നു സെമി ഫൈനല്‍ മത്സരം നടക്കേണ്ടിയിരുന്നത്. ഐസിസി പിച്ച് കണ്‍സള്‍ട്ടന്റായ ആന്‍ഡി അറ്റ്കിന്‍സണാണ് ഏത് പിച്ചാണ് മത്സരത്തിന് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ അറ്റ്കിന്‍സണുമായി ചേര്‍ന്ന് ബിസിസിഐ പിച്ച് മാറ്റിയെന്ന കടുത്ത ആരോപണമാണ് ഉയര്‍ന്നത്.

എന്നാലിപ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുയാണ് ഐസിസി. വിശദീകരണമിങ്ങനെ... ''ഇതൊക്കെ സാധാരണമായി നടക്കുന്നതാണ്. ഇതിനോടകം രണ്ട് തവണ ഇത്തരത്തിലുണ്ടായി. ക്യൂറേറ്ററുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള തീരുമാനമെടുക്കാറ്. മാറ്റത്തെക്കുറിച്ച് ഐസിസിയുടെ പിച്ച് കണ്‍സള്‍ട്ടന്റിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിന് മുമ്പ് പിച്ച് മാറ്റരുതെന്ന് പറയുന്ന തരത്തിലുള്ള നിയമങ്ങളൊന്നുമില്ല.'' ഐസിസി വ്യക്തമാക്കി.

ലോകകപ്പ് മത്സരങ്ങള്‍ ഏത് പിച്ചില്‍ കളിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ബിസിസിഐക്ക് പങ്കില്ലെന്നും ഐസിസിയാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ ഇതിന് മറുപടി നല്‍കിയിരുന്നത്. ഇന്ത്യക്ക് അനുകൂലമായി മത്സരഫലം വരാന്‍ ബിസിസിഐ പിച്ചിലും കൈ കടത്തിയെന്ന തരത്തില്‍ വിദേശ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. 2019ലെ ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പുതിയ പിച്ചിലാണ് നടന്നതെങ്കിലും 2022ലെ ടി20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ അഡ്ലെയ്ഡ് ഓവലിലെയും സിഡ്‌നിയിലെയും ഉപയോഗിച്ച പിച്ചുകളിലാണ് നടന്നത്.

ഇതാണ് ഹീറോയിസം! വൈകിയെത്തി ക്ലാസിലെ ടോപ് റാങ്കായി ഷമി; വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍, സാംപയെ പിന്തള്ളി