കുറഞ്ഞ ഓവര്‍ നിരക്കിനാണ് പിഴ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് പിഴവിധിച്ചിരിക്കുകയാണ് ഐസിസി. നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറവായിരുന്നു ദക്ഷിണാഫ്രിക്ക എറിഞ്ഞത്. ഓരോ താരവും മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ നല്‍കണം. മാച്ച് റഫറി ജവഹര്‍ലാല്‍ ശ്രീനാഥാണ് ദക്ഷിണാഫ്രിക്ന്‍ ടീമിന് പിഴ വിധിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ നടപടി അംഗീകരിച്ചു.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 342 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 414 റണ്‍സ്. ജോ റൂട്ട് (100), ജേക്കബ് ബേഥല്‍ (110) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 20.5 ഓവറില്‍ കേവലം 72 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചര്‍, മൂന്ന് പേരെ പുറത്താക്കിയ ആദില്‍ റഷീദ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ബ്രൈഡണ്‍ കാര്‍സെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇംഗ്ലണ്ട് ജയത്തോടെ മറികടന്നത്. 2023ല്‍ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ 317 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. അതിപ്പോള്‍ ഇംഗ്ലണ്ടിന്‍െ പേരിലായി. 2023ല്‍ ഓസീസ്, നെതര്‍ലന്‍ഡ്സിനെതിരെ നേടിയ 309 റണ്‍സ് ജയം മൂന്നാമതായി.

20 റണ്‍സ് നേടിയ കോര്‍ബിന്‍ ബോഷായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ് (10), കേശവ് മഹാരാജ് (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. എയ്ഡന്‍ മാര്‍ക്രം (0), റയാന്‍ റിക്കിള്‍ട്ടണ്‍ (1), വിയാള്‍ മള്‍ഡര്‍ (0), മാത്യൂ ബ്രീറ്റ്സ്‌കെ (4), ഡിവാള്‍ഡ് ബ്രേവിസ് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കോഡി യൂസുഫാണ് (5) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റന്‍ തെംബ ബാവൂമ (0) ബാറ്റിംഗിനെത്തിയില്ല. നന്ദ്രേ ബര്‍ഗര്‍ (2) പുറത്താവാതെ നിന്നു.
YouTube video player