Asianet News MalayalamAsianet News Malayalam

ടി20 റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി സൂര്യകുമാര്‍, കുതിപ്പുമായി ശുഭ്മാന്‍ ഗില്ലും ഹാര്‍ദ്ദിക്കും

ന്യൂസിലന്‍ഡിനെതിരെ നിറം മങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങി 48-ാം സ്ഥാനത്തേക്ക് വീണു.

ICC T20 batting ranking: Shubman Gill and  Hardik Pandya Gains gkc
Author
First Published Feb 9, 2023, 10:54 AM IST

ദുബായ്: ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ ടി20 ബാറ്റിംഗ് റാങ്കിംഗിലും ഒന്നാം റാങ്ക് നിലനിര്‍ത്തി സൂര്യകുമാർ യാദവ്. 906 റേറ്റിംഗ് പോയന്‍റുമായാണ് സൂര്യകുമാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ടി20യില്‍ ആദ്യ സെഞ്ചുറി നേടി മിന്നുംഫോമിലുള്ള ശുഭ്മാൻ ഗില്ലും റാങ്കിംഗിൽ നേട്ടമുണ്ടാക്കി.
പുതിയ റാങ്കിംഗില്‍ 30ാം സ്ഥാനത്തെത്തിയ ഗിൽ കരിയറിലെ  മികച്ച റാങ്കാണ് സ്വന്തമാക്കിയത്. 23കാരനായ ഗിൽ ഏകദിനത്തിൽ ആറാം സ്ഥാനത്തും ടെസ്റ്റിൽ 62ആം റാങ്കിലുമുണ്ട്. ടി20 റാങ്കിംഗില്‍ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി പതിനഞ്ചാം സ്ഥാനത്തായി. കെ എല്‍ രാഹുല്‍ 27ാം സ്ഥാനത്തും ക്യാപ്റ്റന്‍ രോഹിത് ശര്‍മ 29-ാം സ്ഥാനത്തുമാണ്.

ന്യൂസിലന്‍ഡിനെതിരെ നിറം മങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങി 48-ാം സ്ഥാനത്തേക്ക് വീണു. ടി20 ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തിൽ ഒരു ഇന്ത്യൻ ബൗളർമാരുമില്ല. എന്നാല്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയ പേസര്‍ അര്‍ഷ്ദീപ് സിംഗ് പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ടി20 ലോകകപ്പിനുശേഷം ടി20 ടീമില്‍ നിന്ന് പുറത്തായ ഭുവനേശ്വര്‍ കുമാര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 21-ാം സ്ഥാനത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗിലും ബൗളിംഗിലും ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും നേട്ടം കൊയ്തു.

ഷമിയുടെ തീപ്പന്തില്‍ വട്ടം കറങ്ങി വാര്‍ണറുടെ ഓഫ് സ്റ്റംപ്, ആവേശം അടക്കാനാവാതെ ദ്രാവിഡ്- വീഡിയോ

ബാറ്റിംഗ് റാങ്കിംഗില്‍ ഹാര്‍ദ്ദിക് 53ല്‍ നിന്ന് 50ാം സ്ഥാനത്തെത്തിയപ്പോള്‍ ബൗളിംഗ് റാങ്കിംഗില്‍ 66ല്‍ നിന്ന് 46-ാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന് തൊട്ടു പിന്നിലാണ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് ഇപ്പോള്‍. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ നാലു വിക്കറ്റും 17 പന്തില്‍ 30 റണ്‍സും അടിച്ചെടുത്തതാണ് ഹാര്‍ദ്ദിക്കിന് നേട്ടമായത്.

Follow Us:
Download App:
  • android
  • ios