Asianet News MalayalamAsianet News Malayalam

ടി20 റാങ്കിംഗിലും കുതിച്ച് മിന്നല്‍ പാണ്ഡ്യ, സൂര്യകുമാറിന് തിരിച്ചടി

അതേസമയം, ബാറ്റിംഗ് റാങ്കിംഗില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് തൊട്ടു പിന്നിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.

ICC T20 Rankings: Hardik Pandya breaks into top five, setback for Suryakumar Yadav
Author
First Published Aug 31, 2022, 7:17 PM IST

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ഓള്‍ റൗണ്ട് പ്രകടനത്തോടെ ഐസിസി ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ മുന്നേറി ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ. പാക്കിസ്ഥാനെതിരെ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി 17 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്ത പാണ്ഡ്യ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തെത്തി. പാണ്ഡ്യയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്.

അതേസമയം, ബാറ്റിംഗ് റാങ്കിംഗില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് തൊട്ടു പിന്നിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. പാക് വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്‌വാനാണ് രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ബാബറിന് 810 റേറ്റിംഗ് പോയന്‍റുള്ളപ്പോള്‍ റിസ്‌വാന് 796 റേറ്റിംഗ് പോയന്‍റും സൂര്യകുമാറിന് 792 റേറ്റിംഗ് പോയന്‍റുമാണുള്ളത്. പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ സൂര്യകുമാര്‍ 18 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ബാബര്‍ 10ഉം റിസ്‌വാന്‍ 42 ഉം റണ്‍സെടുത്തു.

ഏഷ്യാ കപ്പ്: കുറ‍ഞ്ഞ ഓവര്‍ നിരക്ക്, ഇന്ത്യക്കും പാക്കിസ്ഥാനും കനത്ത പിഴ

ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ലെങ്കിലും ബൗളിംഗ് റാങ്കിംഗില്‍ അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസി രണ്ടാം സ്ഥാനത്തുണ്ട്. അഫ്ഗാന്‍ ബൗളറായ മുജീബ് ഉര്‍ റഹ്മാനാണ് പുതിയ റാങ്കിംഗില്‍ വന്‍ നേട്ടം കൊയ്ത മറ്റൊരു ബൗളര്‍. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുജീബ് ആദ്യ പത്തില്‍ തിരിച്ചെത്തി. പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താമ് മുജീബ്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ എട്ടാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. പാക്കിസ്ഥാന്‍റെ ഷദാബ് ഖാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്താണ്.

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ഹോങ്കോങിന് ടോസ്; ടീമില്‍ ഒരുമാറ്റം, റിഷഭ് പന്ത് തിരിച്ചെത്തി

ബാറ്റിംഗ് റാങ്കിംഗില്‍ ഇഷാന്‍ കിഷന്‍ പതിനഞ്ചാം സ്ഥാനത്തും ക്യാപ്റ്റന്‍ രോഹിത് ശര്‍മ 17-ാം സ്ഥാനത്തുമാണ്. വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി 34-ാം സ്ഥാനത്തുള്ളപ്പോള്‍ ലോകേഷ് രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 28-ാമതും ശ്രേയസ് അയ്യര്‍ 21-മതുമുണ്ട്.

Follow Us:
Download App:
  • android
  • ios