ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്‍റ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു

ദുബായ്: യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ കരുത്ത് സ്ഥിരതയോടെ കളിക്കുന്നതാണെന്ന് നായകന്‍ ഓയിന്‍ മോര്‍ഗന്‍. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ പ്രകടനം സ്ഥിരത തെളിയിക്കുന്നു. ലോകകപ്പില്‍ എല്ലാ മത്സരങ്ങളേയും തുല്യ പ്രധാന്യത്തോടെ കാണുന്നതായും മോര്‍ഗന്‍ പറഞ്ഞു. 

ടി20 ക്രിക്കറ്റ് വളരെ അതിവേഗം മാറുന്നതിനാല്‍ ശക്തരായ ടീമുകളുള്ള ഗ്രൂപ്പാണ് ഞങ്ങളുടേത്. അതിനാല്‍ എല്ലാ മത്സരങ്ങളും ഞങ്ങള്‍ക്ക് പ്രധാനമാണ്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് വരുന്നത്. ടി20 ഫോര്‍മാറ്റിന്‍റെ വരവ് ക്രിക്കറ്റിന്‍റെ തന്നെ ജനകീയതയും വളര്‍ച്ചയും കൂട്ടി. വിദേശത്താണ് ടൂര്‍ണമെന്‍റ് നടക്കുന്നത് എന്നതിനാല്‍ മികച്ച പ്രകടനം ഉറപ്പിക്കാന്‍ തുട‍ര്‍ച്ചയായ പരിശ്രമങ്ങളാണ് ടീം നടത്തുന്നത് എന്നും മോര്‍ഗന്‍ പറഞ്ഞു. 

ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്‍റ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്‌ടോബര്‍ 17 മുതലാണ് ടി20 ലോകകപ്പ് നടക്കുന്നത്. നവംബര്‍ 14ന് ദുബൈയിലാണ് ഫൈനല്‍. 

ഇംഗ്ലണ്ട് കരുത്തരുടെ ഗ്രൂപ്പില്‍ 

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഒന്നിലാണ് ഇംഗ്ലണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്​ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലാണ്. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോ​ഗ്യതാറൗണ്ടിൽ മത്സരിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona