ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യയുടെ കെ എല്‍ രാഹുല്‍. 816 റേറ്റിംഗ് പോയന്‍റുമായാണ് രാഹുല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. അതേസമയം, ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആറാം സ്ഥാനത്തെത്തി.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ന്യൂസിലന്‍ഡിന്‍റെ ഡേവൊണ്‍ കോണ്‍വെ 46 സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിനേഴാം റാങ്കിലെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തി.

ബാറ്റിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ 915 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രാഹുലും കോലിയും മാത്രമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല.

അഫ്ഗാന്‍റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. പന്ത്രണ്ടാം സ്ഥാനത്തുള്ള വാഷിംഗ്ടണ്‍ സുന്ദറാണ് ബൗളിംഗ് റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ജസ്പ്രീത് ബുമ്ര പതിനാറാമതും യുസ്‌വേന്ദ്ര ചാഹല്‍ 24-മതുമാണ്.