ദുബായ്: വനിത ടി20 ലോകകപ്പ് ഫൈനലിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗിലും ഇന്ത്യയുടെ കൗമാര താരം ഷെഫാലി വര്‍മക്ക് തിരിച്ചടി. ലോകകപ്പ് ഫൈനലിന് ശേഷം പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ഷെഫാലി മൂന്നാം റാങ്കിലേക്ക് വീണപ്പോള്‍ ഓസ്ട്രേലിയയുടെ ബെത് മൂണി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സ് ആണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്.

ലോകകപ്പിലെ ലീഗ് ഘട്ടം പൂര്‍ത്തിയായപ്പോഴാണ് 744 റേറ്റിംഗ് പോയന്റുമായി ഷെഫാലി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം മഴയില്‍ ഒലിച്ചുപോയതും ഫൈനലില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായതും ഷെഫാലിക്ക് തിരിച്ചടിയായി. ഫൈനലില്‍ ബെത്ത് മൂണിയാകട്ടെ പുറത്താകാതെ 78 റണ്‍സടിക്കുകയും ചെയ്തു. ഫൈനലിന് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്നു മൂണി.

ലോകകപ്പില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 64 റണ്‍സ് ശരാശരിയില്‍ 259 റണ്‍സാണ് മൂണി അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ സ്മൃതി മന്ദാന ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തായപ്പോള്‍ ജെമീമ റോഡ്രിഗസ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ഫൈനലില്‍ ഇന്ത്യയെ അടിച്ചുപറത്തിയ അലീസ ഹീലി രണ്ട് സ്ഥാനങ്ങള്‍ കയറി അഞ്ചാം സ്ഥാനത്താണ്. ബൗളര്‍മാരിയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ, രാധാ യാദവ്, പൂനം യാദവ് എന്നിവര്‍ യഥാക്രമം ആറ് ഏഴ്, എട്ട് സ്ഥാനങ്ങളിലുണ്ട്. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റണ്‍ ആണ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.