ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സിന് റാങ്കിംഗില്‍ വന്‍ കുതിച്ചുചാട്ടം. ബാറ്റ്സ്‌മാന്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗില്‍.
ലണ്ടന്‍: ആഷസ് മൂന്നാം ടെസ്റ്റിലെ തീപ്പൊരി പ്രകടനവുമായി ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സിന് റാങ്കിംഗില്‍ കുതിച്ചുചാട്ടം. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച പൊസിഷനിലെത്തി സ്റ്റോക്‌സ്. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡറിന് പിന്നിലായി രണ്ടാം സ്ഥാനത്തുള്ള സ്റ്റോക്‌സിന് 411 പോയിന്‍റാണുള്ളത്. ബാറ്റ്സ്‌മാന്‍മാരുടെ റാങ്കിംഗില്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്റ്റോക്‌സ് പതിമൂന്നാം സ്ഥാനത്തെത്തി. ഇവിടെയും കരിയറിലെ മികച്ച പോയിന്‍റാണുള്ളത്(693). മത്സരത്തില്‍ നാല് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ വിജയസെഞ്ചുറിയും(135*) സ്റ്റോക്‌സ് നേടിയിരുന്നു.
വിരാട് കോലി ഒന്നാമതും സ്റ്റീവ് സ്‌മിത്ത് രണ്ടാമതും കെയ്‌ന്‍ വില്യംസണ്‍ മൂന്നാമതും ചേതേശ്വര്‍ പൂജാര നാലാമതും ഹെന്‍റി നിക്കോള്‍സ് അഞ്ചാമതും തുടരുന്നു. ആന്‍റിഗ്വയില്‍ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാമതെത്തിയപ്പോള്‍ 93 റണ്‍സ് നേടിയ ഹനുമ വിഹാരി 40 സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 70-ാം സ്ഥാനത്തെത്തി. സ്‌മിത്തിന് പകരം ഓസീസ് ഇലവനില്‍ ഇടംപിടിച്ച മാര്‍നസ് ലാബുഷാഗ്നെ 45 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമാണ്. ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ ആറാമതും ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഏഴാമതും ടോം ലഥാം എട്ടാമതുമെത്തി.
പേസ് ബൗളര്‍മാര്‍ നേട്ടമുണ്ടാക്കുന്നതാണ് റാങ്കിംഗില്‍ കാണുന്നത്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് തന്നെയാണ് ഒന്നാമത്. ലീഡ്‌സില്‍ ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 40 സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 43-ാം സ്ഥാനത്തെത്തി. ആന്‍റിഗ്വ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ഏഴിലെത്തിയപ്പോള്‍ കരിയറിലെ മികച്ച പോയിന്‍റായ(774) സ്വന്തമാക്കി. ലീഡ്‌സില്‍ ഒന്‍പത് വിക്കറ്റ് വീഴ്‌ത്തിയ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് 13-ാം സ്ഥാനത്തേക്കുയര്‍ന്നു. ടെസ്റ്റ് കരിയറില്‍ 250 വിക്കറ്റ് തികച്ച ട്രെന്‍റ് ബോള്‍ട്ടിന് ആദ്യ അഞ്ചില്‍ ഇടംപിടിക്കാനായി.
