Asianet News MalayalamAsianet News Malayalam

ICC Test Ranking : വില്യംസണ് തിരിച്ചടി, ജഡേജയക്കും ലാഥമിനും ജെയ്മിസണും നേട്ടം; പുതിയ ടെസ്റ്റ് റാങ്കിംഗ് ഇങ്ങനെ

കാണ്‍പൂര്‍ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ താരം മൂന്നാം സ്ഥാനത്തേക്ക് വീണു. ആദ്യ ഇന്നിംഗ്‌സില്‍ 14 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 24 റണ്‍സുമാണ് വില്യംസണ്‍ നേടിയത്. ഇതോടെ മൂന്നാം സ്ഥാനത്തായിരുന്ന സ്റ്റീവ് സ്മിത്ത് (Steven Smith) രണ്ടാം സ്ഥാനത്തേക്ക് കയറി.

ICC Test Ranking setback for kane williamson and Jadeja improved his position
Author
Dubai - United Arab Emirates, First Published Dec 1, 2021, 4:29 PM IST

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ (ICC Test Ranking) ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (Kane Williamson) തിരിച്ചടി. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് രണ്ടാം സ്ഥാനത്തായിരുന്നു വില്യംസണ്‍. എന്നാല്‍ കാണ്‍പൂര്‍ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ താരം മൂന്നാം സ്ഥാനത്തേക്ക് വീണു. ആദ്യ ഇന്നിംഗ്‌സില്‍ 14 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 24 റണ്‍സുമാണ് വില്യംസണ്‍ നേടിയത്. ഇതോടെ മൂന്നാം സ്ഥാനത്തായിരുന്ന സ്റ്റീവ് സ്മിത്ത് (Steven Smith) രണ്ടാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് (Joe Root) ഒന്നാമത്. 

അതേസമയം കാണ്‍പൂരില്‍ ഇന്ത്യക്കെതിരെ രണ്ട് ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറി നേടിയ (95 & 52) ടോം ലാഥം നേട്ടമുണ്ടാക്കി.  അഞ്ച് പടി കയറിയ ലാതമിപ്പോള്‍ ഒമ്പതാം റാങ്കിലെത്തി. കാണ്‍പൂര്‍ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 

ഓസ്‌ട്രേലിയയുടെ മാര്‍കസ് ലബുഷാനെ നാലാം സ്ഥാനത്തും തുടരുന്നു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെയാണ് ഏഴാമത്. നാല് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയം അര്‍ധ സെഞ്ചുറിയും താരം നേടിയിരുന്നു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം എട്ടാമതാണ്. ലാഥത്തിന് പിന്നില്‍ 10-ാം സ്ഥാനത്താണ് ഡേവിഡ് വാര്‍ണര്‍. 

ബൗളിംഗില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വന്‍, കിവീസ് പേസര്‍ ടിം സൗത്തി, ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരാണ് നാല് വരെയുള്ള സ്ഥാനങ്ങളില്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഷഹീന്‍ അഫ്രീദി അഞ്ചാമതെത്തി. 

ഇതോടെ കിവീസ് പേസര്‍ നീല്‍ വാഗ്നര്‍ ആറാം സ്ഥാനത്തേക്കിറങ്ങി. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഏഴും എട്ടും സ്ഥാനങ്ങളില്‍. അതേസമയം ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കിവീസ് താരം കെയ്ല്‍ ജെയ്മിസണ്‍ ഒമ്പതാമതെത്തി. കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി ആറ് വിക്കറ്റാണ് താരം വീഴ്ത്തിയത്. 

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ രണ്ടാമതെത്തി. ആര്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്. ബൗളരര്‍മാരുടെ റാങ്കിംഗില്‍ ജഡേജ 19-ാം സ്ഥാനത്തുണ്ട. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ 74-ാം റാങ്കിലാണ്. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ 66-ാമതുണ്ട്.

Follow Us:
Download App:
  • android
  • ios