Asianet News MalayalamAsianet News Malayalam

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി രോഹിത്തും മായങ്കും

ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും റേറ്റിംഗ് പോയന്റില്‍ 2018 ജനുവരിക്ക് ശേഷം ഇതാദ്യമായി 900ന് താഴെയെത്തി.

ICC Test Rankings Rohit Sharma and Mayank Agarwal attains career-best spot
Author
Dubai - United Arab Emirates, First Published Oct 7, 2019, 7:17 PM IST

ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി പുതിയ റെക്കോര്‍ഡിട്ട രോഹിത് ശര്‍മക്ക് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിലും മികച്ച നേട്ടം. ഏറ്റവും പുതിയ റാങ്കിംഗില്‍ 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ പതിനേഴാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയ ആദ്യ ഇന്നിംഗ്സില്‍ 176ഉം രണ്ടാം ഇന്നിംഗ്സില്‍ 127 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്.

മറ്റൊരു ഓപ്പണറായ മായങ്ക് അഗര്‍വാളാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ മായങ്ക് 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ ഇരുപത്തിയഞ്ചാം സ്ഥാനത്തെത്തി.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും റേറ്റിംഗ് പോയന്റില്‍ 2018 ജനുവരിക്ക് ശേഷം ഇതാദ്യമായി 900ന് താഴെയെത്തി. 899 റേറ്റിംഗ് പോയന്റാണ് കോലിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള സ്മിത്തിനേക്കാള്‍ 38 റേറ്റിംഗ് പോയന്റ് പുറകിലാണ് കോലിയിപ്പോള്‍.

ബൗളിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ എട്ടു വിക്കറ്റുമായി തിളങ്ങിയ അശ്വിന്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. 14-ാം സ്ഥാനത്തായിരുന്ന അശ്വിന്‍ പത്താം സ്ഥാനത്താണിപ്പോള്‍. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്സില്‍ എറിഞ്ഞിട്ട മുഹമ്മദ് ഷമി പതിനെട്ടാം സ്ഥാനത്തുനിന്ന് പതിനാറാം സ്ഥാനത്തെത്തി.

ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ചുറി നേടിയ ഡിന്‍ എല്‍ഗാര്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തെത്തിയപ്പോള്‍ ക്വിന്റണ്‍ ഡീകോക്ക് നാലു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Follow Us:
Download App:
  • android
  • ios