ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് നേട്ടം. ഒന്നാമതുള്ള ഓസീസ് ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തുമായുള്ള അകലം കുറച്ച കോലി 928 പോയിന്‍റിലെത്തി. കോലിയെക്കാള്‍ വെറും മൂന്ന് പോയിന്‍റ് മാത്രം അധികമുള്ള സ്‌മിത്തിനുള്ളത് 931 പോയിന്‍റ്. കഴിഞ്ഞ റാങ്കിംഗ് പ്രകാരം 25 പോയിന്‍റിന്‍റെ വ്യത്യാസമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്തയില്‍ നേടിയ 136 റണ്‍സാണ് കോലിക്ക് തുണയായത്. 

ബാറ്റ്സ്‌മാന്‍മാരില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണും ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ബാറ്റ്സ്‌മാന്‍മാരില്‍ ഒന്‍പതാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ കരിയറില്‍ ആദ്യമായി ആദ്യ പത്തിലെത്തി. 

ടെസ്റ്റിലാദ്യമായി ഇരട്ട സെഞ്ചുറി(205 റണ്‍സ്) നേടുന്ന കിവീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എന്ന നേട്ടത്തിലെത്തിയ ബിജെ വാട്‌ലിങ്ങും പാകിസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി(185 റണ്‍സ്) നേടിയ ഓസീസ് താരം മാര്‍നസ് ലബുഷാഗ്‌നെയും കരിയറിലെ മികച്ച റാങ്കിലെത്തി. 35-ാം സ്ഥാനത്തായിരുന്ന ലബുഷാഗ്‌നെ പുതിയ റാങ്കിംഗില്‍ 14-ാം സ്ഥാനത്താണ്. വാട്‌ലിങ് 10 സ്ഥാനങ്ങളുയര്‍ന്ന് പന്ത്രണ്ടാമതെത്തി. മറ്റൊരു ഓസീസ് ബാറ്റ്‌സ്‌മാന്‍ ഡേവിഡ് വാര്‍ണര്‍ ആറ് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 17-ാം സ്ഥാനത്തെത്തി. 

ഇംഗ്ലണ്ടിനെതിരെ ബേ ഓവല്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്‌നര്‍ നേട്ടമുണ്ടാക്കി. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി വാഗ്‌നര്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം റാങ്കും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ആദ്യ പത്തില്‍ തിരിച്ചെത്തിയതും ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഒന്‍പതാമതെത്തിയതും ശ്രദ്ധേയമാണ്. 

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജാസന്‍ ഹോള്‍ഡറും രവീന്ദ്ര ജഡേജയും ബെന്‍ സ്റ്റോക്‌സും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. വെര്‍നോണ്‍ ഫിലാന്‍ഡര്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആര്‍ അശ്വിന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.