നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്തുണ കിട്ടിയില്ലെന്ന പാക് ടീം ഡയറക്ടറുടെ വിമർശനം; പ്രതികരിച്ച് ഐസിസി
എന്നാല്‍ ആര്‍തറുടെ ആരോപണത്തോട് പ്രതികരിച്ച ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ ഇത്തരം ആരോപണങ്ങള്‍ സ്വാഭാവികമാണെന്നും ലോകകപ്പ് കഴിയുമ്പോള്‍ ഇത് എക്കാലവും ഓര്‍ത്തിരിക്കാവുന്നൊരു ലോകകപ്പായിരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും വ്യക്തമാക്കി.

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്ന് സൂചിപ്പിച്ച് ഐസിസി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തി മുപ്പതിനായിരം കാണികള്‍ക്ക് മുമ്പില്‍ നടന്ന പോരാട്ടത്തില്‍ പാകിസ്ഥാന്‍ ടീമിന് ആരാധകരില്‍ നിന്നോ സംഘാടകരില്‍ നിന്നോ യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും ഇത് ലോകകപ്പ് മത്സരം പോലെയല്ല, ബിസിസിഐ സംഘടിപ്പിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പോലെയാണ് തോന്നിയതെന്നും മിക്കി ആര്‍തര്‍ മത്സരശേഷം ആരോപിച്ചിരുന്നു.
മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ 'ദില്‍ ദില്‍ പാകിസ്ഥാന്‍' എന്ന വാചകം ഒരു തവണ പോലും സ്റ്റേഡിയത്തില്‍ മുഴങ്ങിയില്ലെന്നും ആര്‍തര്‍ പറഞ്ഞിരുന്നു. ആര്‍തറിന്‍റെ അതേ കാഴ്ചപ്പാടാണ് തനിക്കെന്ന് പാകിസ്ഥാന്‍ പരിശീലകന്‍ ഗ്രാന്‍റ് ബ്രാഡ്ബേണ്‍ മത്സരശേഷം പറഞ്ഞിരുന്നു. സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ പിന്തുണക്കുന്ന ആരുമുണ്ടായിരുന്നില്ല.പാക് ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്താതിരുന്നത് നിര്‍ഭാഗ്യമാണ്.അവര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ആരാധകരും ഏറെ സന്തോഷിക്കുമായിരുന്നുവെന്നും ബ്രാഡ്ബേണ്‍ പറഞ്ഞിരുന്നു.
എന്നാല്‍ ആര്‍തറുടെ ആരോപണത്തോട് പ്രതികരിച്ച ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ ഇത്തരം ആരോപണങ്ങള്‍ സ്വാഭാവികമാണെന്നും ലോകകപ്പ് കഴിയുമ്പോള്‍ ഇത് എക്കാലവും ഓര്‍ത്തിരിക്കാവുന്നൊരു ലോകകപ്പായിരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും വ്യക്തമാക്കി. ഓരോ ടൂര്‍ണമെന്‍റിനും ഇത്തരത്തില്‍ പലഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരാറുണ്ടെന്നും അതെല്ലാം സ്വാഭാവികമാണെന്നും പറഞ്ഞ ബാര്‍ക്ലേ ആര്‍തറുടെ ആരോപണങ്ങള്‍ പരിശോധിക്കാമെന്നും വ്യക്തമാക്കി.
ലോകകപ്പ് തുടങ്ങിയിട്ടല്ലേയുള്ളു. എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് നമുക്ക് നോക്കാം. മാറ്റം വരുത്തേണ്ട കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്നും ബാര്‍ക്ലേ പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ റെക്കോര്‍ഡ് കാണികളെത്തിയെങ്കിലും എത്രപേര്‍ സ്റ്റേഡിയത്തിലെത്തിയെന്നതിന്‍റെ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ ബിസിസിഐയോ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോ പുറത്തുവിട്ടിട്ടില്ല. മത്സരം കാണാന്‍ പാക് മാധ്യമപ്രവര്‍ത്തകര്‍ക്കും പാക് ആരാധകര്‍ക്കും വിസ നിഷേധിച്ചുവെന്ന ആരോപണം വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക