കറാച്ചി: ഐസിസിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ ബൗളര്‍ ഷൊയ്ബ് അക്തര്‍. അക്തറെ പരിഹസിച്ചതിന് പിന്നാലെയാണ് വിമര്‍ശനമുന്നയിച്ചത്. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെതിരെ എറിയുന്ന നാലാം പന്തില്‍ എനിക്കദ്ദേഹത്തെ പുറത്താക്കാന്‍ കഴിയുമെന്ന് അക്തറിന്റെ അവകാശവാദത്തെ ഐസിസി കളിയാക്കിയിരുന്നു. ഇതിന് പിന്നാലെ അക്തര്‍ മറുപടിയുമായെത്തി. നിഷ്പക്ഷതയെ ഐസിസി ജനലിലൂടെ പുറത്തേക്കെറിയുന്നതാണ് നല്ലതെന്ന് അക്തര്‍ പറഞ്ഞു.

പഴയകാല ക്രിക്കറ്റ് താരങ്ങളുടെയും ഇപ്പോഴത്തെ താരങ്ങളും നേര്‍ക്കുനേര്‍ വന്നാല്‍ എങ്ങനെയിരിക്കുമെന്ന സാധ്യതയെക്കുറിച്ച് ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ഇന്‍ഫോ വോട്ടെടുപ്പു സംഘടിപ്പിച്ചിരുന്നു. അതില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനുള്ള അവസരമാണ് അക്തറിന് ലഭിച്ചത്. 

ഇതിനെതിരെ അക്തറിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു. ''ഇന്നാണെങ്കിലും സ്മിത്തിനെ നാലാം പന്തില്‍ത്തന്നെ പുറത്താക്കാന്‍ തനിക്കു കഴിയുമെന്ന്'' അക്തര്‍ അവകാശപ്പെട്ടു. ഞെട്ടിക്കുന്ന മൂന്നു ബൗണ്‍സറുകളെറിഞ്ഞ ശേഷം നാലാം പന്തില്‍ സ്മിത്തിനെ പുറത്താക്കുമെന്നാണ് അക്തര്‍ പറഞ്ഞത്.

എന്നാല്‍ ഐസിസി ഇതിനെ പരിഹസിച്ചു. ട്രോളാന്‍ ഉപയോഗിച്ചതാവട്ടെ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്റെ ചിത്രങ്ങള്‍. 
അക്തറിന്റെ ട്വീറ്റ് വായിക്കുകയാണെന്ന് തോന്നിക്കുന്ന ചിത്രമായിരുന്നു ആദ്യത്തേത.് ട്വീറ്റ് വായിച്ച ശേഷം പരിഹാസത്തോടെ ചിരിക്കുന്ന ചിത്രമായിരുന്നു മറ്റൊന്ന്.

എന്നാല്‍ അക്തറിന് ആ പരിഹാസം അത്ര പിടിച്ചില്ല. ബാറ്റ്‌സ്മാന്റെ ദേഹം ലക്ഷ്യമാക്കി അക്തര്‍ എറിഞ്ഞ മൂന്ന് ബൗണ്‍സറുകള്‍ ഐസിസിയുടെ പരിഹാസത്തിന് മറുപടിയായി നല്‍കി. അതിന്റെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു... ''പ്രിയ ഐസിസി, ഇതിനായി പുതിയ വല്ല ഇമോജിയും കണ്ടുപിടിക്കൂ. ക്ഷമിക്കണം, എനിക്ക് അങ്ങനെയൊന്ന് കിട്ടിയില്ല, പകരം കിട്ടിയത് ചില യഥാര്‍ഥ വിഡിയോകളാണ്.''  അക്തര്‍ കുറിച്ചിട്ടു.