15 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ നിന്ന് ലോകകപ്പോടെ 37കാരനായ ധോണി പാഡഴിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ദുബായ്: അടുത്തമാസം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുശേഷം എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഐസിസിയുടെ ട്വീറ്റ്. 2020ല്‍ നടക്കുന്ന ടി20 ലോകകപ്പിലും ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ച് ഐസിസിയിട്ട ട്വീറ്റിന് ആരാധകരുടെ ഭാഗത്തുനിന്ന് വന്‍പ്രതികരണമാണ് ലഭിക്കുന്നത്.
2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ ധോണി 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുത്തു. 15 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ നിന്ന് ലോകകപ്പോടെ 37കാരനായ ധോണി പാഡഴിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഐസിസിയുടെ ചോദ്യം ധോണി 2020 ടി20 ലോകകപ്പ് വരെ രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ന്നേക്കുമെന്നുള്ളതിന്റെ സൂചനയായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ധോണി പുറത്തെടുക്കുന്ന പ്രകടനം രാജ്യാന്തര ക്രിക്കറ്റില്‍ തനിക്ക് ഇനയും തുടരനാകുമെന്നതിന് തെളിവാണെന്ന് ആരാധകരും കരുതുന്നു. ഈ സീസണില്‍ ചെന്നൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്നാമാനും(314) ആറാമനായി ക്രീസിലെത്തുന്ന ധോണിയാണ്. ഐപിഎല്ലില്‍ പരിക്കുമൂലം ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിട്ടും ബാറ്റിംഗില്‍ ധോണി തന്നെയാണ് മുമ്പന്‍.
