ദുബായ്: ഐസിസി അണ്ടര്‍-19 ലോകകപ്പ് വിജയാഘോഷത്തിനിടെ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടിലുണ്ടായ കൈയാങ്കളിയുടെ പേരില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെയും മൂന്ന് ബംഗ്ലാദേശ് താരങ്ങളെയും ഐസിസി അച്ചടക്ക സമിതി താക്കീത് ചെയ്തു.

ഇന്ത്യന്‍ താരങ്ങളായ  ആകാശ്  സിംഗ്, രവി ബിഷ്ണോയ് എന്നിവര്‍ക്കാണ് താക്കീത് ലഭിച്ചത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21 ലംഘിച്ചതിനാണ് ഇരുവര്‍ക്കും താക്കീത് നല്‍കിയത്. ഇതിന് പുറമെ പെരുമാറ്റച്ചട്ടിത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിന് രവി ബിഷ്ണോയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുമുണ്ട്.

ബംഗ്ലാദേശ് കളിക്കാരായ തൗഹിദ് ഹൃദോയ്, ഷമിം ഹൊസൈന്‍, റാകിബുള്‍ ഹസന്‍ എന്നിവര്‍ക്കെതിരെയാണ് പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21 ലംഘിച്ചതിന് താക്കീത് ചെയ്തത്.  കടുത്ത പോരാട്ടം കണ്ടൊരു ഫൈനലിനുശേഷം കളിക്കാര്‍ക്കതിരെ പെരുമാറ്റച്ചട്ടം പ്രയോഗിച്ച് നടപടിയെടുക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മത്സരം ജയിച്ചതിന് പിന്നാലെ മൈതാനത്തേക്ക് ഓടിയെത്തിയ ബംഗ്ലാതാരങ്ങള്‍ പ്രകോപനപരമായ ആഘോഷങ്ങള്‍ കൊണ്ട് പുലിവാല്‍ പിടിക്കുകയായിരുന്നു. ബംഗ്ലാ താരങ്ങള്‍ കയ്യാങ്കളിക്ക് മുതിര്‍ന്നതോടെ രൂക്ഷമായ വാക്‌പോരുണ്ടായി. അംപയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബംഗ്ലാ താരങ്ങളുടേത് വൃത്തികെട്ട പെരുമാറ്റമാണെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ നായകന്‍ പ്രിയം ഗാര്‍ഗ് മത്സരശേഷം വ്യക്തമാക്കിയിരുന്നു.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു എന്നേറ്റുപറഞ്ഞ് ബംഗ്ലാദേശ് നായകന്‍ അക്‌ബര്‍ അലി സംഭവത്തില്‍ മാപ്പുചോദിച്ചിരുന്നു. 'എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല, എന്താണ് സംഭവിക്കുന്നത് എന്ന് ആരാഞ്ഞുമില്ല. ഇതൊരു ഫൈനലാണെന്നും വൈകാരിക പ്രകടനങ്ങള്‍ ഉണ്ടാകുമെന്നും എല്ലാവര്‍ക്കുമറിയാം. യുവതാരങ്ങള്‍ എന്ന നിലയില്‍ ഇത് സംഭവിക്കരുതായിരുന്നു. ഏത് ഘട്ടത്തിലും സാഹചര്യത്തിലായാലും എതിരാളികളെ ബഹുമാനിക്കേണ്ടതുണ്ട്' എന്നും അക്‌ബര്‍ പറഞ്ഞു