ദുബായ്: ഈമാസം തുടങ്ങുന്ന വനിതാ ട്വന്റി20 ലോകകപ്പില്‍ നോ ബോള്‍ നിശ്ചയിക്കുക തേര്‍ഡ് അമ്പയര്‍. ഓഫ് ഫീല്‍ഡ് അമ്പയറായിരിക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നോബോള്‍ വിധിക്കുകയെന്ന് ഐസിസി വ്യക്തമാക്കി.

ഫ്രണ്ട് ഫൂട്ട് നോബോള്‍ നിര്‍ണയിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലും വിന്‍ഡിസിലും അടുത്തിടെ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്റിൽ തേര്‍ഡ് അമ്പയര്‍ നോബോള്‍ വിധിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് വനിതാ ട്വന്റി20 ലോകകപ്പ്.

ടൂര്‍ണമെന്റില്‍ ഓരോ പിന്തിന് ശേഷവും ബൗളറുടെ കാല് ക്രീസ് ലൈനിന് പുറത്തേക്ക് പോവുന്നുണ്ടോയെന്ന് തേര്‍ഡ് അമ്പയര്‍ പരിശോധിക്കും. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഓഫ് ഫീല്‍ഡ് അമ്പയറുടെ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്രണ്ട് ബോള്‍ നോബോള്‍ വിധിക്കാന്‍ പാടുള്ളു. ഇതുവരെ 12 മത്സരങ്ങളില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചതായി ഐസിസി വ്യക്തമാക്കി.