പെര്‍ത്ത്: വനിതാ ട്വന്റി 20 ലോകകപ്പിൽ തുട‍ർച്ചയായ രണ്ടാംജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. പെര്‍ത്തില്‍ വൈകിട്ട് നാലരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ബംഗ്ലാദേശാണ് എതിരാളികൾ.

നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യയിറങ്ങുന്നത്. കഴിഞ്ഞ വർഷം ഏഷ്യാകപ്പിൽ ഏറ്റുമുട്ടിയ രണ്ടുകളിയിലും ബംഗ്ലാദേശിനെ തോൽപിക്കാനായതും ഹ‍ർമന്‍പ്രീത് കൗറിനും സംഘത്തിനും കരുത്തുപകരും. എങ്കിലും ബംഗ്ലാദേശിനെ ദുർബലരായി കാണാനാവില്ല. ഇതുവരെ ഏറ്റമുട്ടിയ അഞ്ച് കളിയിൽ രണ്ടെണ്ണത്തിൽ ബംഗ്ലാ വനിതകൾക്കായിരുന്നു ജയം. 

ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്‌മയാണ് ഇന്ത്യയുടെ ആശങ്ക. ജെമീമ റോഡ്രിഗസ്, കൗമാരതാരം ഷെഫാലി വർ‍മ്മ, ദീപ്‌തി ശർമ്മ എന്നിവർക്കൊപ്പം സ്‌മൃതി മന്ദാനയും ഹർമന്‍പ്രീതും അവസരത്തിനൊത്ത് ഉയർന്നാൽ ബാറ്റിംഗ് സുരക്ഷിതമാകും. ഓസീസിനെ തകർത്ത സ്‌പിന്നർ പൂനം യാദവും പേസർ ശിഖ പാണ്ഡേയും ഫോമിലുള്ളത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു.

ഓൾറൗണ്ടർ ജഹനാര ആലം, പരിചയസമ്പന്നയായ ഫർഗാന ഹഖ് എന്നിവരിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ശ്രീലങ്കയെ ഓസ്‌ട്രേലിയ നേരിടും. ഉച്ചയ്‌ക്ക് പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക.