സിഡ്‌‌നി: വനിതാ ടി20 ലോകകപ്പില്‍ സെമിയുറപ്പിച്ച് ദക്ഷിണാഫ്രിക്ക. പാകിസ്ഥാന്‍ വനിതകളെ 17 റണ്‍സിന് തകര്‍ത്താണ് പ്രോട്ടീസ് സെമിയിലെത്തിയത്. ദക്ഷിണാഫ്രിക്കയുടെ 136 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 119 റണ്‍സെടുക്കാനേയായുള്ളൂ. ദക്ഷിണാഫ്രിക്കയുടെ ലോറയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-136/6 (20.0), പാകിസ്ഥാന്‍-119/5 (20.0).

തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ ലോറയുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ലോകകപ്പില്‍ ലോറയുടെ ആദ്യ ഫിഫ്റ്റിയാണിത്. ലോറ 36 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതം പുറത്താകാതെ 53 റണ്‍സെടുത്തു. കാപ്പ് 31ഉം പ്രീസ് 17ഉം സുനി 12ഉം ട്രയോണ്‍ 10 ഉം റണ്‍സെടുത്തു. ലീക്കും നികെര്‍ക്കിനും രണ്ടക്കം കാണാനായില്ല. ഡയാന രണ്ടും ആനം, ഐമിന്‍, സയിദ, നിദ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ ഭേദപ്പെട്ട തുടക്കം ലഭിച്ചതിന് ശേഷമാണ് പാകിസ്ഥാന്‍ പരാജയം സമ്മതിച്ചത്. ഓപ്പണര്‍മാരായ മുനീബ 12ഉം ജാവെറിയ 31ഉം റണ്‍സെടുത്തു. പിന്നീട് വന്നവരില്‍ ആലിയക്ക് മാത്രമാണ് തിളങ്ങാനായത്. ആലിയ 32 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം പുറത്താകാതെ 39 റണ്‍സ് നേടി. ഒമൈമ(0), നിദ(3), സിദ്ര(8), ഐരാം(17*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.