നേരത്തെ ക്യാപ്റ്റന്‍ ബിസ്‌മ മറൂഫിന്‍റെ അര്‍ധസെഞ്ചുറിയും ആയിഷ നസീമിന്‍റെ വെടിക്കെട്ടും പാകിസ്ഥാന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് സമ്മാനിക്കുകയായിരുന്നു

കേപ്‌ടൗണ്‍: വനിതാ ട്വന്‍റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇന്ത്യക്ക് മികച്ച തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ടീം ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 43 റണ്‍സെടുത്തിട്ടുണ്ട്. സ്ഥിരം ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്‌മൃതി മന്ഥാന പരിക്ക് കാരണം കളിക്കാത്തതിനാല്‍ യാഷ്‌തിക ഭാട്യയാണ് ഷെഫാലി വര്‍മ്മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. ഇവരില്‍ 20 പന്തില്‍ 17 റണ്‍സെടുത്ത യാഷ്‌‌തികയെ ഇന്ത്യക്ക് നഷ്‌ടമാവുകയായിരുന്നു. ഷെഫാലി 24* ഉം, ജെമീമ 1* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 

വിറപ്പിച്ച് ഇന്ത്യ, പിന്നെ നിയന്ത്രണം പോയി...

ക്യാപ്റ്റന്‍ ബിസ്‌മ മറൂഫിന്‍റെ അര്‍ധസെഞ്ചുറിയും ആയിഷ നസീമിന്‍റെ വെടിക്കെട്ടും പാകിസ്ഥാന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് സമ്മാനിക്കുകയായിരുന്നു. ബിസ്‌മ 55 പന്തില്‍ 68* ഉം, ആയിഷ 25 പന്തില്‍ 43* ഉം റണ്‍സെടുത്തു. ഇന്ത്യക്കായി രാധാ യാദവ് രണ്ടും ദീപ്‌തി ശര്‍മ്മയും പൂജ വസ്‌ത്രക്കറും ഓരോ വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ വനിതകള്‍ക്ക് ഇന്നിംഗ്‌സിന്‍റെ തുടക്കത്തിലെ പ്രഹരം നല്‍കിയാണ് ടീം ഇന്ത്യ തുടങ്ങിയത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ജാവെറിയ ഖാനെ നഷ്‌ടമായി. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത താരത്തെ ദീപ്‌തി ശര്‍മ്മ ഷോര്‍ട് ഫൈനില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. എങ്കിലും ഒരറ്റത്ത് ക്യാപ്റ്റന്‍ ബിസ്‌മ മറൂഫ് സ്കോര്‍ കണ്ടെത്തിയതോടെ പാകിസ്ഥാന്‍ പവര്‍പ്ലേയില്‍ 39-1 എന്ന സ്‌കോറിലെത്തി. പാകിസ്ഥാനെ കരകയറ്റാനുള്ള ബിസ്‌മ-മുനീബ ശ്രമം പവര്‍പ്ലേ കഴിഞ്ഞ് തൊട്ടടുത്ത ഓവറില്‍ രാധാ യാദവ് അവസാനിപ്പിച്ചു. 14 പന്തില്‍ 12 റണ്‍സെടുത്ത മുനീബ അലിയെ ക്രീസ് വിട്ടിറങ്ങിയതിന് റിച്ച ഘോഷ് സ്റ്റംപ് ചെയ്യുകയായിരുന്നു. 

ബിസ്‌മയ്ക്ക് ഫിഫ്റ്റി, ആയിഷ വെടിക്കെട്ട്

ഒരോവറിന്‍റെ ഇടവേളയില്‍ പാകിസ്ഥാന് മൂന്നാം പ്രഹരവും കിട്ടി. 2 പന്തില്‍ അക്കൗണ്ട് തുറക്കും മുന്നേ സൂപ്പര്‍ താരം നിദാ ധറിനെ പൂജ വസ്‌ത്രക്കര്‍ തകര്‍പ്പന്‍ ബൗണ്‍സറില്‍ പുറത്താക്കി. ധര്‍ പുള്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ വിക്കറ്റിന് പിന്നില്‍ റിച്ച ഘോഷ് സുരക്ഷിതമായി പന്ത് പിടികൂടി അപ്പീല്‍ ചെയ്‌തു. റിവ്യൂ എടുത്ത ഹര്‍മന്‍പ്രീത് കൗറിന്‍റെ തീരുമാനം വിജയിക്കുകയായിരുന്നു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പാക് വനിതകളുടെ സ്കോര്‍ മൂന്ന് വിക്കറ്റിന് 58 റണ്‍സ്. 13-ാം ഓവറിലെ ആദ്യ പന്തില്‍ സിദ്രാ അമീനെ(14 പന്തില്‍ 12) രാധാ യാദവ് റിച്ചയുടെ കൈകളിലെത്തിച്ചതോടെ പാകിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി. അപ്പോഴും ഒരറ്റത്ത് കാലുറപ്പിച്ച ബിസ്‌മ മറൂഫ് 45 പന്തില്‍ അമ്പത് തികച്ചപ്പോള്‍ സഹതാരം ആയിഷ നസീം വെടിക്കെട്ട് മോഡിലായിരുന്നു. ഇരുവരും കൂടുതല്‍ നഷ്‌ടങ്ങളില്ലാതെ പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചു.

ബിസ്‌മയ്‌ക്ക് അര്‍ധം, ആയിഷ വെടിക്കെട്ട്; പാകിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 150 റണ്‍സ് വിജയലക്ഷ്യം