പവര്‍പ്ലേയില്‍ 37 റണ്‍സ് മാത്രം നേടിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ പിന്നീട് കാലുറപ്പിച്ച് ഹിമാലയന്‍ സ്‌കോറിലേക്ക് കത്തിക്കയറുകയായിരുന്നു

ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലില്‍ (Women’s Cricket World Cup 2022 final) അലീസ ഹീലിയുടെ (Alyssa Healy) ഇടിവെട്ട് ശതകത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ടിന് ( England Women) മുന്നില്‍ 357 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഓസ്‌ട്രേലിയ (Australia Women). ക്രൈസ്റ്റ് ചര്‍ച്ചില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 356 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തി. 138 പന്ത് നേരിട്ട ഹീലി 26 ഫോറുകള്‍ സഹിതം 170 റണ്‍സ് പേരിലാക്കി. 

പവര്‍പ്ലേയില്‍ 37 റണ്‍സ് മാത്രം നേടിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ പിന്നീട് കാലുറപ്പിച്ച് ഹിമാലയന്‍ സ്‌കോറിലേക്ക് കത്തിക്കയറുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് അലീസ ഹീലി-റേച്ചല്‍ ഹൈന്‍സ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ 30-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. ഓസീസ് ഒന്നാം വിക്കറ്റില്‍ 29.1 ഓവറില്‍ 160 റണ്‍സ് ചേര്‍ത്തു. 93 പന്തില്‍ 68 റണ്‍സെടുത്ത റേച്ചല്‍ ഹൈന്‍സാണ് ആദ്യം പുറത്തായത്. മൂന്നാമതായി ക്രീസിലെത്തിയ ബേത് മൂണിയാവട്ടെ 47 പന്തില്‍ 62 റണ്‍സുമായി സ്‌കോറിംഗ് വേഗം കൂട്ടി. ഓപ്പണറായി ഇറങ്ങിയ ഹീലിയുടെ ഇന്നിംഗ്സ് 46-ാം ഓവര്‍ വരെ നീണ്ടുനിന്നു. 

തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് അലീസ ഹീലി കുറിച്ചത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കലാശപ്പോരില്‍ ഒരു താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറിന്‍റെ റെക്കോര്‍ഡ് ഹീലി പേരിലാക്കി. ഒരു റണ്ണെടുത്ത ആഷ്‌ലി ഗാര്‍ണര്‍, 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് എന്നിവര്‍ മാത്രമാണ് ബാറ്റിംഗ് പരാജയം നേരിട്ടത്. താലിയ മഗ്രാത്ത് അഞ്ച് പന്തില്‍ എട്ടും എലീസ് പെറി 10 പന്തില്‍ 17 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന 10 ഓവറില്‍ പിറന്ന 120 റണ്‍സ് ഓസീസ് ബാറ്റിംഗ് കരുത്തിന്‍റെ വിരുന്നായി മാറി. ഇംഗ്ലണ്ടിനായി അന്യാ ശ്രുഭ്സോലെ മൂന്നും സോഫീ എക്കിള്‍സ്റ്റണ്‍ ഒന്നും വിക്കറ്റ് നേടി. 

Scroll to load tweet…

IPL 2022 : തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; എതിരാളികള്‍ പഞ്ചാബ് കിംഗ്‌സ്