തോറ്റാല്‍ സെമി സാധ്യത അവസാനിക്കുമെന്ന തിരിച്ചറിവില്‍ വമ്പന്‍ ജയം ലക്ഷ്യമിട്ട ഇന്ത്യ ടോസ് നേടിയപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ തീരുമാനം ശരിവെച്ച് ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്ന് 15 ഓവറില്‍ 74 റണ്‍സ് അടിച്ചെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കി.

ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ഏകദിന ലോകകപ്പില്‍( ICC Womens World Cup 2022 ) നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക്(IND vs BAN) ഭേദപ്പെട്ട സ്കോര്‍. സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ബംഗ്ലാദശിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ യാസ്തിക ഭാട്ടിയ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായ റിതു മോണി മൂന്ന് വിക്കറ്റെടുത്തു.

തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച

തോറ്റാല്‍ സെമി സാധ്യത അവസാനിക്കുമെന്ന തിരിച്ചറിവില്‍ വമ്പന്‍ ജയം ലക്ഷ്യമിട്ട ഇന്ത്യ ടോസ് നേടിയപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ തീരുമാനം ശരിവെച്ച് ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്ന് 15 ഓവറില്‍ 74 റണ്‍സ് അടിച്ചെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കി. എന്നാല്‍ 30 റണ്‍സെടുത്ത സ്മൃതിയെ നാഹിദ അക്തര്‍ പുറത്താക്കിയതിന് പിന്നാലെ അതേ സ്കോറില്‍ ഇന്ത്യക്ക് ഷഫാലി വര്‍മയുടെയും(42) ക്യാപ്റ്റന്‍ മിതാലി രാജിന്‍റെയും(0) വിക്കറ്റുകള്‍ നഷ്ടമായതോടെ 74-0 ല്‍ നിന്ന് ഇന്ത്യ 74-3ലേക്ക് കൂപ്പുകുത്തി.

ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മിതാലി നേരിട്ട ആദ്യ പന്തില്‍ പുറത്തായത് ഇന്ത്യക്ക് കനത്ത പ്രഹരമായി.പിന്നീട് ഹര്‍മന്‍പ്രീത് കൗറും ഭാട്ടിയയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയെങ്കിലും സ്കോര്‍ 108ല്‍ നില്‍ക്കെ ഹര്‍മന്‍പ്രീത്(14) റണ്ണൗട്ടായി.

Scroll to load tweet…

108-4 എന്ന സ്കോറില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും(26) ഭാട്ടിയയും ചേര്‍ന്ന് 150 കടത്തി. അവസാന ഓവറുകളില്‍ സ്കോറുയര്‍ത്താന്‍ ശ്രമിച്ച ഭാട്ടിയയും(50) ഘോഷും പുറത്തായത് ഇന്ത്യക്ക് തിരിട്ടിയായി. സ്ലോഗ് ഓവറുകളില്‍ തകര്‍ത്തടിച്ച പൂജ വസ്ട്രക്കറും(33 പന്തില്‍ 30*) സ്നേഹ് റാണയും(23 പന്തില്‍ 27) ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ 229 റണ്‍സിലെത്തിത്തിച്ചത്. അവസാന അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സടിച്ചു. ബംഗ്ലാദേശിനായി റിതു മോണി മൂന്നും നാദിയ അക്തര്‍ രണ്ടും വിക്കറ്റെടുത്തു.