ഓസ്‌ട്രേലിയക്കെതിരെ ഓക്‌ലന്‍ഡില്‍ 77 പന്തിലാണ് മിതാലി രാജ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്
ഓക്‌ലന്‍ഡ്: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (ICC Womens World Cup 2022) തകര്‍പ്പന്‍ റെക്കോര്‍ഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് (Mithali Raj). ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് മിതാലിയുടെ നേട്ടം. വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി സ്വന്തമാക്കിയ താരങ്ങളില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഡെബീ ഹോക്‌ലിക്കൊപ്പമെത്തി (Debbie Hockley). ഇരുവര്‍ക്കും പന്ത്രണ്ട് 50+ സ്‌കോറാണ് ലോകകപ്പ് കരിയറിലുള്ളത്. ഇംഗ്ലണ്ട് മുന്‍ താരം ഷാര്‍ലറ്റ് എഡ്‌വേര്‍ഡ്‌സിനെ (Charlotte Edwards) മിതാലി മറികടന്നു.
ഓസ്‌ട്രേലിയക്കെതിരെ ഓക്‌ലന്‍ഡില്‍ 77 പന്തിലാണ് മിതാലി രാജ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഈ ടൂര്‍ണമെന്‍റില്‍ മിതാലിയുടെ ആദ്യ ഫിഫ്റ്റിയാണിത്. കരിയറിലെ 63-ാം അര്‍ധ സെഞ്ചുറിയും.
മിതാലിക്കൊപ്പം യാഷ്‌ടിക ഭാട്യയും, ഹര്‍മന്‍പ്രീത് കൗറും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ഇന്ത്യന്‍ വനിതകള്‍ മികച്ച സ്‌കോറിലെത്തി. ഓപ്പണര്‍മാരെ കുറഞ്ഞ സ്‌കോറില്‍ നഷ്‌ടമായാണ് ഇന്ത്യന്‍ വനിതകള്‍ തുടങ്ങിയത്. സ്‌മൃതി മന്ഥാന 11 പന്തില്‍ 10ഉം ഷെഫാലി വര്‍മ 16 പന്തില്‍ 12 ഉം റണ്‍സെടുത്ത് പുറത്തായി. ഡാര്‍സീ ബ്രൗണിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. ഓപ്പണര്‍മാര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ആറ് ഓവറില്‍ 28 റണ്‍സ് മാത്രം. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 130 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി യാഷ്‌ടിക ഭാട്യയും ക്യാപ്റ്റന്‍ മിതാലി രാജും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
83 പന്തില്‍ 59 റണ്‍സെടുത്ത യാഷ്‌ടിക ഭാട്യയെയും ഡാര്‍സീ ബ്രൗണ്‍ മടക്കി. മിതാലി രാജ് 96 പന്തില്‍ 68 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് തിളങ്ങാനായില്ല. റിച്ച 14 പന്തില്‍ എട്ട് റണ്‍സെടുത്ത് അലാന കിംഗിന് കീഴടങ്ങി. അതേസമയം അക്കൗണ്ട് തുറക്കും മുമ്പ് സ്‌നേഹ് റാണയെ ജെസ് ജൊനാസന്‍ പറഞ്ഞയച്ചു. 47 പന്തില്‍ 57* റണ്‍സെടുത്ത ഹര്‍മനൊപ്പം പൂജ വസ്‌ത്രകര്‍(28 പന്തില്‍ 34*) പുറത്താകാതെ നിന്നു.
