മിതാലി രാജ് ചരിത്രമെഴുതിയ മത്സരത്തില്‍ ഇന്ത്യന്‍ ടീം കൂറ്റന്‍ ജയം സ്വന്തമാക്കി
ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ (ICC Womens World Cup 2022) ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് (Mithali Raj). ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനാവുന്ന വനിതാ താരമെന്ന നേട്ടമാണ് മിതാലിക്ക് സ്വന്തമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ (WIW vs INDW) ടോസിനിറങ്ങിയപ്പോള്‍ ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ബെലിന്ദ ക്ലാര്‍ക്കിനെ (Belinda Clark) മിതാലി മറികടക്കുകയായിരുന്നു. ലോകകപ്പില്‍ 23 മത്സരങ്ങളിലാണ് ബെലിന്ദ ഓസീസ് വനിതകളെ നയിച്ചത്.
മിതാലി രാജ് ചരിത്രമെഴുതിയ മത്സരത്തില്‍ ഇന്ത്യന്‍ ടീം കൂറ്റന്‍ ജയം സ്വന്തമാക്കി. ഹാമില്‍ട്ടണില്‍ 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്‍റെ വമ്പന്‍ ജയം മിതാലി രാജും സംഘവും നേടിയത്. സ്‌കോര്‍: ഇന്ത്യ-317/8 (50), വിന്‍ഡീസ്-162-10 (40.3 Ov). ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്‌മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സ്‌നേഹ് റാണ മൂന്നും മേഘ്‌ന സിംഗ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. ജൂലന്‍ ഗോസ്വാമിയും രാജേശ്വരി ഗെയ്‌ക്‌വാദും പൂജ വസ്‌ത്രകറും ഓരോ വിക്കറ്റ് നേടി. ഓപ്പണര്‍മാരായ ഡീന്‍ഡ്ര ഡോട്ടിനും(62), ഹെയ്‌ലി മാത്യൂസും(43) മാത്രമാണ് വിന്‍ഡീസിനായി തിളങ്ങിയത്.
മന്ഥാന-ഹര്‍മന്‍ ഷോ
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 317 റണ്‍സ് അടിച്ചുകൂട്ടി. മന്ഥാന 119 പന്തില്‍ 123 ഉം ഹര്‍മന്‍ 107 പന്തില്‍ 109 ഉം റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ സ്‌മൃതി മന്ഥാനയ്‌ക്കൊപ്പം യാസ്‌തിക ഭാട്യ 6.3 ഓവറില്‍ 49 റണ്‍സ് ചേര്‍ത്തു. 21 പന്തില്‍ 31 റണ്‍സെടുത്ത ഭാട്യയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മിതാലി രാജ് 11 പന്തില്‍ അഞ്ച് റണ്‍സും ദീപ്‌തി ശര്‍മ്മ 21 പന്തില്‍ 15 റണ്‍സുമെടുത്ത് മടങ്ങിയതോടെ ഇന്ത്യ 13.5 ഓവറില്‍ 78-3.
എന്നാല്‍ അവിടുന്നങ്ങോട്ട് മന്ഥാന-ഹര്‍മന്‍പ്രീത് സഖ്യം 184 റണ്‍സിന്‍റെ വിസ്‌മയ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു. മന്ഥാനയാണ് ആദ്യം മൂന്നക്കം തികച്ചത്. ഷമീലിയ കോണലിന്‍റെ പന്തില്‍ ഷകീര പിടിച്ച് മന്ഥാന പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 42.3 ഓവറില്‍ 262ലെത്തിയിരുന്നു. നേരിട്ട നൂറാം പന്തില്‍ 100 റണ്‍സ് ഹര്‍മന്‍ പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചു. റിച്ച ഘോഷ്(5), പൂജ വസ്‌ത്രകര്‍(10), ജൂലന്‍ ഗോസ്വാമി(2), സ്‌നേഹ് റാണ(2*), മേഘ്‌ന സിംഗ്(1*) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.
