ദീപ്‌തി ശര്‍മ്മയെറിഞ്ഞ അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടിയിരുന്നത്

ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (ICC Womens World Cup) ഇന്ത്യന്‍ വനിതകള്‍ (India Womens Cricket Team) ദക്ഷിണാഫ്രിക്കയോട് അവസാന പന്തുവരെ പൊരുതിയ ശേഷമാണ് തോറ്റ് സെമി കാണാതെ പുറത്തായത്. ദീപ്‌തി ശര്‍മ്മയുടെ (Deepti Sharma) അവസാന ഓവറിലെ ഏഴ് റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പ്രോട്ടീസ് വനിതകള്‍ വിറച്ചിരുന്നു. ഇടയ്‌ക്ക് അഞ്ചാം പന്തില്‍ നോബോള്‍ പിറന്നതാണ് മത്സരഫലം മാറ്റിമറിച്ചത്. 

ദീപ്‌തി ശര്‍മ്മയെറിഞ്ഞ അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ത്രിഷയുടെ ബാറ്റില്‍ ഒരു റണ്‍ പിറന്നപ്പോള്‍ രണ്ടാം പന്തില്‍ മിഗ്‌നന്‍ ഡു പ്രീസുമായുള്ള ആശയക്കുഴപ്പത്തില്‍ ത്രിഷ(7) റണ്ണൗട്ടായി. മൂന്ന്, നാല് പന്തുകളില്‍ ഓരോ റണ്‍ വീതം പിറന്നപ്പോള്‍ അഞ്ചാം പന്ത് നാടകീയമായി. ഹര്‍മന്‍റെ ക്യാച്ചില്‍ പ്രീസ് പുറത്തായെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. അടുത്ത രണ്ട് പന്തുകളില്‍ സിംഗിളുകള്‍ നേടി പ്രോട്ടീസ് ഇതോടെ സെമിയിലെത്തുകയായിരുന്നു. പ്രീസ് 63 പന്തില്‍ 52 റണ്‍സുമായും ഷബ്‌നിം ഇസ്‌മായില്‍ രണ്ട് പന്തില്‍ 2 റണ്‍സെടുത്തും പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 275 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്ക് വച്ചുനീട്ടിയത്. ഇന്ത്യ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തു. സ്‌മൃതി മന്ഥാന(71), ഷെഫാലി വര്‍മ്മ(53), യസ്‌തിക ഭാട്ട്യ(2), മിതാലി രാജ്(68), ഹര്‍മന്‍പ്രീത് കൗര്‍(48), പൂജ വസ്‌ത്രകര്‍(3), റിച്ച ഘോഷ്(8), സ്‌നേഹ്‌ റാണ(1), ദീപ്‌തി ശര്‍മ്മ(2) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തില്‍ ജയത്തിലെത്തി. ഓപ്പണര്‍ ലിസ്‌ലീ ലീയെ ആറ് റണ്‍സില്‍ നഷ്‌ടമായെങ്കിലും സഹ ഓപ്പണര്‍ ലോറ വോള്‍വര്‍ട്ടിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി (79 പന്തില്‍ 80) ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കം നല്‍കി. ലാറ ഗുഡോള്‍ (49), മാരിസാന്‍ കാപ്പ്(32) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് കൗറും രാജേശ്വരി ഗെയ്‌ക്‌വാദും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. 

ICC Womens World Cup 2022 : അവസാന ഓവര്‍ ത്രില്ലറില്‍ വീണു; വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് മടക്കം