വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഗംഭീര തുടക്കമാണ് ഹാമില്‍ട്ടണില്‍ ഇന്ത്യ നേടിയത്, പിന്നെ കണ്ടത് റണ്‍പെയ്‌ത്ത്
ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (ICC Womens World Cup 2022) വെസ്റ്റ് ഇന്‍ഡീസിനെതിരെ (WIW vs INDW) സ്‌മൃതി മന്ഥാന (Smriti Mandhana), ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur) എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 317 റണ്‍സ് അടിച്ചുകൂട്ടി. മന്ഥാന 119 പന്തില്‍ 123 ഉം ഹര്‍മന്‍ 107 പന്തില്‍ 109 ഉം റണ്‍സെടുത്തു.
വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഗംഭീര തുടക്കമാണ് ഹാമില്‍ട്ടണില്‍ ഇന്ത്യ നേടിയത്. ആദ്യ വിക്കറ്റില്‍ സ്‌മൃതി മന്ഥാനയ്‌ക്കൊപ്പം യാസ്‌തിക ഭാട്യ 6.3 ഓവറില്‍ 49 റണ്‍സ് ചേര്‍ത്തു. 21 പന്തില്‍ 31 റണ്‍സെടുത്ത ഭാട്യയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. റിട്ടേണ്‍ ക്യാച്ചിലൂടെ ഷകീര സെല്‍മാന്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മിതാലി രാജ് 11 പന്തില്‍ അഞ്ച് റണ്‍സുമായി ഹെയ്‌ലി മാത്യൂസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത് തിരിച്ചടിയായി.
ദീപ്‌തി ശര്‍മ്മ 21 പന്തില്‍ 15 റണ്‍സ് മാത്രമെടുത്ത് മടങ്ങിയതോടെ 13.5 ഓവറില്‍ ഇന്ത്യ 78-3. എന്നാല്‍ അവിടുന്നങ്ങോട്ട് മന്ഥാന-ഹര്‍മന്‍പ്രീത് സഖ്യം 184 റണ്‍സിന്‍റെ വിസ്‌മയ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു. മന്ഥാനയാണ് ആദ്യം മൂന്നക്കം തികച്ചത്. ഷമീലിയ കോണലിന്‍റെ പന്തില്‍ ഷകീര പിടിച്ച് മന്ഥാന പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 42.3 ഓവറില്‍ 262ലെത്തിയിരുന്നു. മന്ഥാന 119 പന്തില്‍ 13 ഫോറും രണ്ട് സിക്‌സറും സഹിതം 123 റണ്‍സെടുത്തു.
നേരിട്ട നൂറാം പന്തില്‍ 100 റണ്‍സ് ഹര്‍മന്‍ പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചു. കിവീസിനെതിരായ ഫോം തുടരുകയായിരുന്നു ഹര്‍മന്‍. പിന്നാലെ ഹര്‍മനുമായുള്ള ഓട്ടത്തിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് റണ്ണൗട്ടായി. 10 പന്തില്‍ അഞ്ച് റണ്‍സാണ് റിച്ചയുടെ സമ്പാദ്യം. ഹര്‍മനും പൂജാ വസത്രകറും ചേര്‍ന്ന് 48-ാം ഓവറില്‍ ഇന്ത്യയെ 300 കടത്തി. വസ്‌ത്രകര്‍ അഞ്ച് പന്തില്‍ 10 ഉം ഹര്‍മന്‍ 107 പന്തില്‍ 109 ഉം ജൂലന്‍ ഗോസ്വാമി അഞ്ച് പന്തില്‍ 2 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്‌നേഹ് റാണയും(2*) മേഘ്‌ന സിംഗും(1*) പുറത്താകാതെ നിന്നു.
