കിവീസിനെതിരെ കളിച്ച 42 ഏകദിനത്തിൽ സച്ചിൻ 1750 റൺസ് നേടിയിരുന്നു. രണ്ടാം ഏകദിനത്തിൽ കിവീസിനെതിരെ 23 റൺസ് നേടിയാണ് കോലി വെറും 35 മത്സരങ്ങളില്‍ നിന്നാണ് റെക്കോർഡ് സ്വന്തമാക്കിയത്.

രാജ്കോട്ട്: ഐസിസി ഏകദിന റാങ്കിംഗില്‍ രോഹിത് ശര്‍മയെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിന് പിന്നാലെ ഏകദിനക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോലി. ന്യൂസിലൻഡിനെതിരെ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. രാജ്കോട്ട് ഏകദിനത്തിലാണ് കോലിയുടെ നേട്ടം.

സച്ചിൻ ടെൻഡുൽക്കറെ മറികടന്നാണ് കോലി കിവീസിനെതിരായ റൺവേട്ടയിൽ ഒന്നാമനായത്. കിവീസിനെതിരെ കളിച്ച 42 ഏകദിനത്തിൽ സച്ചിൻ 1750 റൺസ് നേടിയിരുന്നു. രണ്ടാം ഏകദിനത്തിൽ കിവീസിനെതിരെ 23 റൺസ് നേടിയാണ് കോലി വെറും 35 മത്സരങ്ങളില്‍ നിന്നാണ് റെക്കോർഡ് സ്വന്തമാക്കിയത്. കിവീസിനെതിരേ ഏകദിനത്തിൽ കൂടുതൽ റൺസ് നേടിയ താരം റിക്കി പോണ്ടിങ്ങാണ്. 51 മത്സരങ്ങളിൽ നിന്ന് 1971 റൺസാണ് ഓസീസ് താരത്തിന്‍റെ സമ്പാദ്യം.

എന്നാല്‍ ന്യൂസിലന്‍ഡിനെതിരെയുള്ള ബാറ്റിംഗ് ശരാശരിയില്‍ സച്ചിനെയും(46.05) പോണ്ടിംഗിനെയും(45.83) ബഹുദൂരം പിന്നിലാക്കിയാണ് കോലി(56.40)യുടെ നേട്ടം. 47 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ 33.75 ശരാശരിയില്‍ 1519 റണ്‍സെടുത്ത ശ്രീലങ്കയുടെ ഇതിഹാസ താരം സനത് ജയസൂര്യയാണ് നാലാമത്.

വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 93 റണ്‍സെടുത്ത വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ 28000 റണ്‍സെന്ന നേട്ടം പിന്നിട്ട് എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരില്‍ സച്ചിന് പിന്നില്‍ രണ്ടാമത് എത്തിയിരുന്നു. 644 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 28000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടതെങ്കില്‍ 624 മത്സരങ്ങളില്‍ നിന്നായിരുന്നു കോലി 28000 മറികടന്നത്. ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച കോലി 2021 ജൂലൈക്കുശേഷം ആദ്യമായാണ് ഒന്നാം റാങ്കിലെത്തുന്നത്. കരിയറില്‍ പതിനൊന്നാം തവണയാണ് 37കാരനായ കോലി ഐസിസി ബാറ്റിംഗ് റാങ്കിംഗില്‍ തലപ്പത്തെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക