ഓസ്‌ട്രേലിയക്കെതിരെ വാക്‌പോരിന് തുടക്കമിട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മി. ബാര്‍മി ആര്‍മിയുടെ ട്രോളുകള്‍ക്ക് ശക്തമായ ഭാഷയില്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ തിരിച്ചടിച്ചു.
ലണ്ടന്‍: ഏകദിന ലോകകപ്പിന് മുന്‍പ് ചിര വൈരികളായ ഓസ്‌ട്രേലിയക്കെതിരെ വാക്‌പോരിന് തുടക്കമിട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മി. ക്രിക്കറ്റ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പുറത്തുവിട്ട ആരാധകരുടെ പോട്രൈറ്റുകള്‍ എഡിറ്റ് ചെയ്താണ് ബാര്‍മി ആര്‍മി ലോകകപ്പ് പോര്‍വിളികള്‍ക്ക് തുടക്കമിട്ടത്. വാര്‍ണറുടെ കുപ്പായത്തിലെ ഓസ്‌ട്രേലിയ എന്ന എഴുത്ത് എഡിറ്റ് ചെയ്‌ത് ചീറ്റ്സ്(CHEATS) എന്നാക്കിയപ്പോള്‍ ലിയോണിന്‍റെയും സ്റ്റാര്‍ക്കിന്‍റെയും കയ്യില്‍ സാന്‍ഡ് പേപ്പര്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തു.
ബാര്‍മി ആര്‍മിയുടെ ട്രോളുകള്‍ക്ക് ശക്തമായ ഭാഷയില്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ തിരിച്ചടിച്ചു. ലോകകപ്പില്‍ ബാര്‍മി ആര്‍മിയുമായുള്ള യുദ്ധത്തിന് തങ്ങള്‍ തയ്യാറായിക്കഴിഞ്ഞു, ലോകകപ്പില്‍ ചിലപ്പോള്‍ വാക്‌പോര് പതിയെ തുടങ്ങൂ, എന്നാല്‍ ആഷസില്‍ ഒരുപാട് കമന്‍റുകള്‍ കാണേണ്ടിവരും എന്നായിരുന്നു ലാംഗറുടെ പ്രതികരണം.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറു ഓസ്‌ട്രേലിയന്‍ കുപ്പായത്തില്‍ തിരിച്ചെത്തുന്നു എന്ന സവിശേഷത ലോകകപ്പിനുണ്ട്. ഐപിഎല്ലില്‍ മികവ് കാട്ടിയാണ് ഇരുവരും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്നത്. ലോകകപ്പിന് ശേഷം ആഷസ് നടക്കേണ്ടതിനാല്‍ ബാര്‍മി ആര്‍മിയും ഓസ്‌ട്രേലിയന്‍ താരങ്ങളും തമ്മിലുള്ള പോര് ലോകകപ്പിനിടെ മുറുകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
