ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ടീം പ്രഖ്യാപനം അടുത്തിരിക്കേ ആരാധകരുടെ കണ്ണുകള്‍ ഹാഷിം അംലയില്‍. 2011, 2015 ലോകകപ്പുകളില്‍ കളിച്ച താരമാണ് അംല.  

ജൊഹന്നസ്‌ബര്‍ഗ്: ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ വ്യാഴാഴ്‌ച പ്രഖ്യാപിക്കാനിരിക്കേ ആരാധകരുടെ കണ്ണുകള്‍ ഹാഷിം അംലയില്‍. എക്കാലത്തെയും മികച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ അംല ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന് ഉറപ്പില്ല. മുപ്പത്തിയാറുകാരനായ താരം അടുത്തിടെ മോശം ഫോമാണ് കാഴ്‌ചവെക്കുന്നത്. 2011, 2015 ലോകകപ്പുകളില്‍ കളിച്ച താരമാണ് അംല. 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 51 റണ്‍സ് മാത്രമാണ് അംല നേടിയത്. പിന്നാലെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ അംലയ്ക്ക് കളിക്കാന്‍ അവസരം നല്‍കിയില്ല. അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ താരം പിന്‍മാറി. ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ ആദ്യം ആഭ്യന്തര ടി20 ക്രിക്കറ്റില്‍ പാഡണിഞ്ഞ അംല ആദ്യ മൂന്ന് മത്സരങ്ങളില്‍ 28 റണ്‍സ് മാത്രമാണ് നേടിയത്. കേപ് കോബ്രാസിനായി കഴിഞ്ഞ ദിവസം അംല 32 റണ്‍സ് നേടി. ജനുവരിക്ക് ശേഷം അംല ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ നേടുന്ന ഉയര്‍ന്ന റണ്‍സാണിത്. 

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഫാഫ് ഡുപ്ലസിസ്, ക്വിന്‍റണ്‍ ഡികോക്ക്, റാസി വാന്‍ ഡെര്‍ ഡ്യൂസ്, ഡേവിഡ് മില്ലര്‍, ജെ പി ഡുമിനി എന്നിവര്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. മുന്‍നിര ബാറ്റ്‌സ്‌മാന്‍മാരായ എയ്‌ഡെന്‍ മര്‍ക്രാം, റീസ ഹെന്‍ഡ്രിക്‌സ് എന്നിവരുടെ പേര് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. ഇരുവരും മികച്ച ഫീല്‍ഡര്‍മാരും മികച്ച ഫോമിലുള്ള താരങ്ങളുമാണ്. പരുക്ക് ഭേദമായാല്‍ എന്‍‌റിച്ച് നോര്‍ജെയെയും പരിഗണിച്ചേക്കും. പേസ് ത്രയമായ കഗിസോ റബാഡ, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ലുങ്കി എങ്കിടി എന്നിവര്‍ വീണ്ടും ഒന്നിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.