ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരത്തോടെ ലോകകപ്പിന് തുടക്കമാകും.

ദില്ലി: ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ എം എസ് ധോണി ഇന്ത്യന്‍ ടീമിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. വല്ല്യേട്ടന്‍റെ സാന്നിധ്യം വിക്കറ്റിന് പിന്നിലും മുന്നിലും ഇന്ത്യന്‍ ടീം ആവശ്യപ്പെടുന്നുണ്ട്. ധോണിയെ ടീമില്‍ നിലനിര്‍ത്തുന്നതിനോട് നായകന്‍ വിരാട് കോലിക്കും യോജിപ്പാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍റെ സമ്മര്‍ദ്ധം കോലിക്ക് കുറയ്ക്കാമെന്നതാണ് ഇതിന് പ്രധാന കാരണം. 

മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇക്കാര്യം പങ്കുവെക്കുന്നു. ധോണിയുടെ ശാന്തത ലോകകപ്പില്‍ ഇന്ത്യക്ക് അത്യാവശ്യമാണെന്ന് മുന്‍ താരം വ്യക്തമാക്കി. 

ലോകകപ്പില്‍ മുന്നോട്ടുപോകണമെങ്കില്‍ ധോണിയുടെ സാന്നിധ്യം നിര്‍ണായകമാണ്. ടീമിലെ ധോണിയുടെ സാന്നിധ്യം ചോദ്യം ചെയ്യാനാവില്ല. ധോണിയുടെ വിക്കറ്റ് കീപ്പിംഗ് സ്‌കില്ലിനെയും വിമര്‍ശിക്കാനാവില്ല. സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിന്‍റെയും കുല്‍ദീപ് യാദവിന്‍റെയും ഉയര്‍ച്ചയില്‍ ധോണിയുടെ സംഭാവനകള്‍ വലുതാണ്. ധോണിയുടെ ശാന്തത ലോകകപ്പില്‍ ഇന്ത്യക്ക് ആവശ്യമാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ ഇറക്കേണ്ടതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. 

ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരത്തോടെ ലോകകപ്പിന് തുടക്കമാകും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ മത്സരം.