ലണ്ടന്‍: ഏകദിന ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടിന് തലവേദനയായി താരങ്ങളുടെ പരുക്ക്. സ്റ്റാര്‍ ഓപ്പണര്‍ ജാസന്‍ റോയ്‌ക്കും ജോ ഡെന്‍ലിക്കുമാണ് പരുക്കേറ്റത്. ലോകകപ്പ് ഫേവറേറ്റുകളായ ഇംഗ്ലണ്ടിന്‍റെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് റോയ്. 

ഓവലില്‍ റോയല്‍ ലണ്ടന്‍ ഏകദിന ടൂര്‍ണമെന്‍റില്‍ എസെക്‌സിന് എതിരായ മത്സരത്തിലാണ് സറേ താരമായ റോയ്‌ക്ക് തുടയ്ക്ക് പരുക്കേറ്റത്. പീറ്റര്‍ സിഡിലിന്‍റെ പന്തില്‍ പരുക്കേറ്റ താരം മൈതാനം വിടുകയായിരുന്നു. 16 റണ്‍സാണ് റോയ്‌ക്ക് മത്സരത്തില്‍ എടുക്കാനായത്. ലോകകപ്പ് മുന്നില്‍ കണ്ട് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് പിന്‍മാറിയ താരമാണ് ജാസന്‍ റോയ്.

ഇംഗ്ലണ്ടിന്‍റെ മറ്റൊരു ലോകകപ്പ് താരമായ ജോ ഡെന്‍ലിയും പരുക്കിന്‍റെ പിടിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ ഏകദിന ടൂര്‍ണമെന്‍റിനിടെ തന്നെയാണ് താരത്തിനും പരുക്കേറ്റത്. കെന്‍റ് താരമായ ഡെന്‍ലി പുറംവേദന മൂലം ഗ്ലോസ്റ്റെഷെയറിനെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമായ ഡെന്‍ലി ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.