മുംബൈ: ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭാര്യയെയും ഒപ്പം കൂട്ടാം.വിരാട് കോലിയുടെ നേതൃത്വത്തില്‍ ചില കളിക്കാര്‍ മുന്നോട്ട് വച്ച ആവശ്യം അംഗീകരിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് ഇംഗ്ലണ്ടിലെത്താം. എന്നാല്‍ ഇന്ത്യ സെമിയിലെത്തിയാൽ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്നും ബിസിസിഐ അറിയിച്ചു. 45 ദിവസം നീളുന്ന വിദേശപര്യടനങ്ങളില്‍ ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം കുടുംബാഗങ്ങള്‍ക്ക് താരങ്ങള്‍ക്കൊപ്പം ചേരാമെന്നാണ് നിലവിലെ ചട്ടം.

താരങ്ങള്‍ക്ക് ഇഷ്ടഭക്ഷണം ലഭിക്കുന്നതിനായി പ്രത്യേക ഷെഫിനെയും ഇക്കുറി ടീമിനൊപ്പം അയക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.