അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15നാണ് ഇന്ത്യ-പാക് മത്സരം നടക്കേണ്ടത് 

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 15ന് നടക്കേണ്ട ഇന്ത്യ-പാക് മത്സരത്തിനായി അഹമ്മദാബാദില്‍ ഹോട്ടല്‍ റൂമുകള്‍ക്കായി നെട്ടോട്ടമോടുകയാണ് ആരാധകര്‍. ഏറെ റൂമുകള്‍ ഇതിനകം ബുക്ക് ചെയ്‌ത് കഴിഞ്ഞപ്പോള്‍ അവശേഷിക്കുന്ന മുറികള്‍ക്ക് തീവിലയാണ്. ഇതോടെ ആരാധകര്‍ ആശുപത്രി ബെഡുകള്‍ ബുക്ക് ചെയ്ത് തുടങ്ങി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും ആശുപത്രികള്‍ നല്‍കും എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. 

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15നാണ് ഇന്ത്യ-പാക് മത്സരം നടക്കുക. മാസങ്ങള്‍ അവശേഷിക്കുകയാണെങ്കിലും ഇവിടെ ഹോട്ടല്‍ റൂമുകള്‍ക്ക് പിടിവലിയാണ് ആരാധകര്‍ തമ്മില്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും മത്സരം കാണാന്‍ ആരാധകരെത്തും. മിക്ക ഹോട്ടലുകളും ഇതിനകം പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു എന്നതിനാല്‍ അവശേഷിക്കുന്ന റൂമുകള്‍ക്ക് ഒരു രാത്രിയിലേക്ക് ഈടാക്കുന്നത് പതിനായിരങ്ങളാണ്. ഇതോടെ ബദല്‍ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. മത്സരത്തിന് തലേന്ന് നഗരത്തില്‍ തങ്ങാന്‍ ആശുപത്രിയില്‍ ബെഡുകള്‍ ബുക്ക് ചെയ്യുകയാണ് ഇപ്പോള്‍ ആരാധകര്‍. ഇതിനായി ആശുപത്രികള്‍ വ്യത്യസ്തമായ ഓഫര്‍ ആരാധകര്‍ക്ക് മുന്നില്‍വെക്കുന്നു. ഫുള്‍ ബോഡി ചെക്ക് അപ് നടത്തിയാല്‍ രാത്രി താമസസൗകര്യം നല്‍കാം എന്നാണ് ആശുപത്രിയുടെ ഓഫര്‍ എന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് ചെക്കപ്പ് നടത്തിയാല്‍ പോലും ആരാധകര്‍ക്ക് പൈസ ലാഭമാണ്. ആശുപത്രിയില്‍ സാധാരണ മുറികള്‍ മുതല്‍ ഡിലക്സ്, സ്യൂട്ട് റൂമുകള്‍ വരെ ബുക്ക് ചെയ്യാന്‍ ആരാധകര്‍ തയ്യാറാണ്. വിദേശത്ത് നിന്നുള്ള ഇന്ത്യക്കാരും ഇതിനായി ആശുപത്രികളെ സമീപിക്കുന്നുണ്ട് എന്നും ഡോക്ട‍ര്‍ വ്യക്തമാക്കി. 

സാധാരണ ദിനത്തേക്കാള്‍ ഒക്ടോബര്‍ 15ലേക്ക് അഹമ്മദാബാദിലെ ഹോട്ടല്‍ നിരക്ക് 20 ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്. 72000 രൂപ വരെയാണ് ഹോട്ടലുകള്‍ ഒരു റൂമിന് ഈടാക്കുന്നത്. ഇതിനകം പല ഹോട്ടലുകളിലും റൂമുകള്‍ ബുക്കിംഗായി കഴി‌ഞ്ഞു. ഏകദിന ലോകകപ്പിലെ ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നതും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്. 

Read more: അയര്‍ലന്‍ഡ് ടൂ‍ര്‍: ക്യാപ്റ്റനാകുമോ സഞ്ജു സാംസണ്‍; ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം, ആരാധകര്‍ കലിപ്പില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം