അഫ്‌ഗാനിസ്ഥാൻ സെപ്റ്റംബർ 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി കാര്യവട്ടത്ത് പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ നെതർലൻഡ്‌സ്. ഒക്ടോബർ മൂന്നിനാണ് രോഹിത് ശർമ്മയും സംഘവും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നെതർലൻഡ്‌സിനെ നേരിടുക. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് നെതർലൻഡ്‌സ് ലോകകപ്പിന് എത്തുന്നത്. ടീം ഇന്ത്യക്ക് പുറമെ മറ്റ് വമ്പന്‍ ടീമുകളുടെ വാംഅപ് മത്സരങ്ങളും ആരാധകര്‍ക്ക് കാര്യവട്ടത്ത് കാണാം. ഇന്ത്യക്കും നെതർലന്‍ഡ്‌സിനും പുറമെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാൻ, ന്യൂസിലൻഡ് ടീമുകളാണ് കാര്യവട്ടത്ത് കളിക്കാനിറങ്ങുക. 

അഫ്‌ഗാനിസ്ഥാൻ സെപ്റ്റംബർ 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും. തൊട്ടടുത്ത ദിവസം ഓസ്ട്രേലിയ ന്യൂസിലൻഡുമായി ഏറ്റുമുട്ടും. ഒക്ടോബർ രണ്ടിന് ദക്ഷിണാഫ്രിക്ക നെതർലൻഡ്‌സിനെ നേരിടും. ടീമുകളുടെ യാത്രാ സൗകര്യം അനുസരിച്ച് പരിശീലന മത്സരങ്ങളിൽ ചിലപ്പോൾ മാറ്റം വന്നേക്കാമെന്ന് കെസിഎ അറിയിച്ചു. ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ക്ക് മുന്നോടിയായി സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്താൻ ഐസിസിയുടെയും ബിസിസിഐയുടെയും നേതൃത്വത്തിലുള്ള 25 അംഗ സംഘം വ്യാഴാഴ്ച ഗ്രീന്‍ഫീല്‍ഡ് സന്ദർശിച്ചു. സ്റ്റേഡിയത്തിലെ സൗകര്യങ്ങളും ഒരുക്കങ്ങളും സംഘത്തിന് കെസിഎ അധികൃതര്‍ വിശദീകരിച്ചു. 

ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയും ഹൈദരാബാദും പരിശീലന മത്സരങ്ങള്‍ക്ക് വേദിയാവും.

Read more: ഇന്ത്യ- പാക് മത്സരം മാത്രമല്ല; ഏകദിന ലോകകപ്പ് മത്സരക്രമം അടിമുടി മാറിയേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം