സുരക്ഷാ കാരണങ്ങളും വിവിധ ബോര്‍ഡുകളുടെ ആവശ്യവും പരിഗണിച്ചാണ് ലോകകപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്

മുംബൈ: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ 9 മത്സരങ്ങള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ മത്സരങ്ങളുടെ പട്ടികയില്‍ ഇന്ത്യ- പാക് ആവേശപ്പോരാട്ടവുമുണ്ട്. ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരം ഒരു ദിവസം മുന്നേ പതിനാലാം തിയതി നടക്കും. സുരക്ഷാ കാരണങ്ങളാലാണ് അഹമ്മദാബാദിലെ അയല്‍ക്കാരുടെ പോരാട്ടം ഒരു ദിവസം മുന്നേയാക്കിയത്. സുരക്ഷാ കാരണങ്ങളും വിവിധ ബോര്‍ഡുകളുടെ ആവശ്യവും പരിഗണിച്ചാണ് ലോകകപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്. 

ഇന്ത്യ- പാക് മത്സരത്തിന്‍റെ തിയതി മാറിയതോടെ ഒക്ടോബര്‍ 14ന് നടക്കേണ്ടിരുന്ന ഇംഗ്ലണ്ട്- അഫ്‌ഗാനിസ്ഥാന്‍ മത്സരം പുതുക്കിയ മത്സരക്രമം അനുസരിച്ച് 15-ാം തിയതിയേ നടക്കൂ. ദില്ലിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഹൈദരാബാദില്‍ ഒക്ടോബര്‍ 12ന് നടക്കേണ്ടിയിരുന്ന ശ്രീലങ്ക- പാകിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 10ന് നടക്കും. ലഖ്‌നൗവില്‍ 13-ാം തിയതി നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക അങ്കം 12-ാം തിയതി അരങ്ങേറും. ചെന്നൈയില്‍ ഒക്ടോബര്‍ 14-ാം തിയതി നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ന്യൂസിലന്‍ഡ്- ബംഗ്ലാദേശ് മത്സരം പുതിയ ഷെഡ്യൂള്‍ പ്രകാരം 13-ാം തിയതിയാണ് നടക്കുക. പകല്‍ നടക്കേണ്ടിയിരുന്ന ഈ മത്സരം പകലു രാത്രിയുമായാണ് ഇനി സംഘടിപ്പിക്കുക. ധരംശാലയില്‍ ഒക്ടോബര്‍ 10ന് നടക്കേണ്ട ഇംഗ്ലണ്ട്- ബംഗ്ലാദേശ് മത്സരം ഡേ-നൈറ്റ് കളിയില്‍ നിന്ന് മാറ്റി രാവിലെ 10.30ന് ആരംഭിക്കുന്ന തരത്തിലാക്കിയിട്ടുണ്ട്. നവംബര്‍ 12ന് ഞായറാഴ്‌ച നടക്കേണ്ടിയിരുന്ന ഇരട്ട മത്സരം ഒരു ദിവസം മുന്നേ 11ലേക്ക് ആക്കിയിട്ടുണ്ട്. ഓസീസ്- ബംഗ്ലാദേശ്(10.30 AM- പൂനെ), ഇംഗ്ലണ്ട്- പാകിസ്ഥാന്‍(2.00 PM- കൊല്‍ക്കത്ത എന്നിങ്ങനെയാണ് പുതിയ സമയം. ബെംഗളൂരുവില്‍ 11-ാം തിയതി നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ നെതര്‍ലന്‍ഡ്‌സിന് എതിരായ അവസാന ലീഗ് മത്സരം 12-ാം തിയതി പകല്‍- രാത്രി മത്സരമായി നടത്തുന്നതാണ് മറ്റൊരു മാറ്റം. 

ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതോടെയാണ് ഏകദിന ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാകുന്നത്. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. 

Scroll to load tweet…

Read more: 'സമയം തീരുന്നു, അവസരം പാഴാക്കരുത്, പകരം അവനെത്താന്‍ കാത്തിരിക്കുന്നു'; സഞ്ജു സാംസണിനോട് ആകാശ് ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം