മാച്ച് ഫീയുടെ 100 ശതമാനവും നേരത്തെ പിഴയായി ഈടാക്കിയിരുന്നു. ഇതില്‍ ഒതുങ്ങുന്നില്ല ഐസിസിയുടെ നടപടി.
ദുബായ്: ആഷസ് പരമ്പരയിലെ (Ashes 2021-22) ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിലും (ICC World Test Championship 2021-2023 Points Table) ഇംഗ്ലണ്ടിന് വൻ തിരിച്ചടി. ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന് എട്ട് പോയിന്‍റ് നഷ്‌ടമാകും. മാച്ച് ഫീയുടെ 100 ശതമാനം നേരത്തെ പിഴയായി ഈടാക്കിയിരുന്നു. ഇനിയും പരമ്പരയിൽ മത്സരങ്ങൾ ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് ഐസിസി (ICC) തീരുമാനം വലിയ തിരിച്ചടിയായി.
ജയിച്ചാൽ 12 പോയിന്‍റും സമനിലയ്ക്ക് നാല് പോയിന്‍റും ടൈ ആയാൽ ആറ് പോയിന്‍റുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ഓരോ ടീമിനും ലഭിക്കുക. നിലവിൽ ഇംഗ്ലണ്ട് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഒന്നാമതുള്ള ശ്രീലങ്കയ്‌ക്ക് 24 പോയിന്‍റുകളുണ്ട്. ശ്രീലങ്ക, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിങ്ങനെയാണ് പോയിന്‍റ് പട്ടികയില്‍ ടീമുകളുടെ സ്ഥാനം.
ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ് ജോ റൂട്ടും സംഘവും വഴങ്ങിയത്. ഇതോടെ ഓസീസ് പരമ്പരയില്‍ 1-0ന് മുന്നിലെത്തി. സ്‌കോര്‍: ഇംഗ്ലണ്ട്- 147 & 297, ഓസീസ്- 425 & 20/1. ടെസ്റ്റ് നായകനായി കന്നി മത്സരം തന്നെ ജയിക്കാന്‍ ഇതോടെ പാറ്റ് കമ്മിന്‍സിനായി. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയുടെ ട്രാവിഡ് ഹെഡ് (152 റണ്‍സ്) കളിയിലെ താരമായി.
അതേസമയം ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്‌ഡില്‍ പകലും രാത്രിയുമായി പിങ്ക് പന്തില്‍ പുരോഗമിക്കുകയാണ്. ഇംഗ്ലണ്ട് മൂന്നാം ദിനമായ ഇന്ന് രണ്ട് വിക്കറ്റിന് 17 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിക്കും. ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്‌ടമായതിന്‍റെ ഞെട്ടലിലാണ് ഇംഗ്ലണ്ട്. ഹസീബ് ഹമീദ് ആറും റോറി ബേൺസ് നാലും റൺസിന് പുറത്തായി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന മൈക്കൽ നെസറും മിച്ചൽ സ്റ്റാർക്കും ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ നെസര്‍ ബാറ്റിംഗിലും തിളങ്ങിയിരുന്നു. ഡേവിഡ് മലനും(1*) നായകൻ ജോ റൂട്ടുമാണ്(5*) ക്രീസിലുള്ളത്.
നേരത്തെ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്‌സ് 473/9 എന്ന സ്‌കോറില്‍ ഡിക്ലയർ ചെയ്യുകയായിരുന്നു. മാര്‍നസ് ലബുഷെയ്‌ന്‍ സെഞ്ചുറി(103) നേടിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ക്കും(95) നായകന്‍ സ്റ്റീവ് സ്‌മിത്തിനും(93) ശതകം നഷ്‌ടമായി. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും(51) അര്‍ധ സെഞ്ചുറി നേടി. വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്ക്(39), മൈക്കല്‍ നെസര്‍(35) എന്നിവരുടെ പ്രകടനവും തുണയായി. ബെന്‍ സ്റ്റോക്‌സ് മൂന്നും ജിമ്മി ആന്‍ഡേഴ്‌സണ്‍ രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സും ഓലി റോബിന്‍സണും ജോ റൂട്ടും ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റും സ്വന്തമാക്കി.
Ashes : ഗാബയില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്‌ത്തി ഓസീസ്; 9 വിക്കറ്റ് ജയത്തോടെ പരമ്പരയില്‍ മുന്നില്‍
