ദുബായ്: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലൻഡ് തൂത്തുവാരിയതോടെ ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോരാട്ടവും ശക്തമായി. നിലവിൽ ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയും ഇന്ത്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ന്യൂസിലൻഡ് മൂന്നാം സ്ഥാനത്താണ്.

വിജയശതമാനം പരിഗണിച്ചാണ് ഐസിസി പോയന്‍റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുന്നത്. നാല് പരമ്പരയിലെ 12 കളിയിൽ എട്ടെണ്ണം ജയിച്ചാണ് ഓസീസ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയാവട്ടെ അഞ്ച് പരമ്പരയിലെ 11 കളിയിൽ എട്ടെണ്ണം ജയിച്ച് രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലൻഡ് അഞ്ച് പരമ്പരയിലെ 11 കളിയിൽ ഏഴെണ്ണം ജയിച്ചു.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നിവരാണ് നാല് മുതൽ ഒൻപത് വരെ സ്ഥാനങ്ങളിൽ. പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഐ സി സി ടെസ്റ്റ് ചാന്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഏറ്റുമുട്ടുക. ആദ്യ രണ്ട് സ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് ഇനിയുള്ള ആറ് ടെസ്റ്റിൽ നാലെണ്ണം ജയിക്കണം. ഇല്ലെങ്കിൽ മൂന്ന് ജയവും മൂന്ന് സമനിലയും സ്വന്തമാക്കണം.

ഇന്ത്യക്ക് അവശേഷിക്കുന്ന ആറ് ടെസ്റ്റുകളില്‍ രണ്ട് ടെസ്റ്റുകള്‍ ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയക്കെതിരെയും നാലെണ്ണം ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെയുമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ദക്ഷിണാഫ്രിക്കയിലാണ് ഓസ്ട്രേലിയ അടുത്ത മൂന്ന് ടെസ്റ്റുകള്‍ കളിക്കുക.