ദില്ലി: കായികക്ഷമതയും ഫോമും നിലനിര്‍ത്താന്‍ പറ്റുമെങ്കില്‍ എം എസ് ധോണി ഇന്ത്യക്കായി കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. പ്രായം വെറുമൊരു സംഖ്യമാത്രമാണെന്നും ഫോമിലാണെങ്കില്‍ ധോണിക്ക് വീണ്ടും ഇന്ത്യക്കായി കളിക്കാവുന്നതാണെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡില്‍ പങ്കെടുത്ത് ഗംഭീര്‍ പറഞ്ഞു.


പന്ത് അടിച്ചകറ്റാന്‍ ധോണിക്ക് കഴിയുന്നുവെങ്കില്‍, ഫോമിലാണെങ്കില്‍, കളി ആസ്വദിക്കുന്നുവെങ്കില്‍ ആറാം നമ്പറിലും ഏഴാം നമ്പറിലും ഇറങ്ങി ഇന്ത്യക്കായി ഇനിയും മത്സരങ്ങള്‍ ജയിക്കാന്‍ തനിക്ക്  കഴിയുമെന്ന് വിശ്വസമുണ്ടെങ്കില്‍ ധോണി ഇന്ത്യക്കായി കളി തുടരണം. കാരണം ആര്‍ക്കും ആരെയും വിരമിക്കാനായി നിര്‍ബന്ധിക്കാനാവില്ല.

പുറത്തുനിന്ന് ക്രിക്കറ്റ് വിദഗ്ധര്‍ക്ക് ധോണിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാവും. പക്ഷെ അപ്പോഴും വിരമിക്കല്‍ എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. യുഎയില്‍ ഐപിഎല്‍ നടത്തുന്നത് രാജ്യത്തിന്റെ മൊത്തം മൂഡ് തന്നെ മാറ്റുമെന്നും ആര് കിരീടം നേടുന്നു എന്നോ ആര് കൂടുതല്‍ റണ്‍സെടുക്കുന്നു വിക്കറ്റ് എടുക്കുന്നു എന്നതൊന്നും പ്രശ്നമല്ലെന്നും ഗംഭീര്‍ പറഞ്ഞു.