ഈ സീസണിൽ ആർസിബിയുടെ ഫൈനൽ പ്രവേശനത്തിനിടയിലും ബൗളിങ് നിരയിലെ ഏറ്റവും ദുര്‍ബല കണ്ണി ഷെപ്പേർഡ് ആയിരുന്നു.

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും അഹമ്മദാബാദിൽ ഏറ്റുമുട്ടാനിരിക്കെ, ആർസിബിക്ക് നിർണ്ണായക മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കരുതെന്നും, അഥവാ കളിപ്പിച്ചാൽ തന്നെ ഒരോവർ പോലും ബൗളിങ് നൽകരുതെന്നും ശ്രീകാന്ത് യുട്യൂബ് വിഡിയോയില്‍ ആവശ്യപ്പെട്ടു. ഈ സീസണിൽ 1.5 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കിയ ഷെപ്പേർഡ് ബൗളിങ്ങിൽ കടുത്ത പരാജയമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സീസണിൽ ആർസിബിയുടെ ഫൈനൽ പ്രവേശനത്തിനിടയിലും ബൗളിങ് നിരയിലെ ഏറ്റവും ദുര്‍ബല കണ്ണി ഷെപ്പേർഡ് ആയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് വെറും 7 വിക്കറ്റ് മാത്രമാണ് വിന്‍ഡീസ് താരം നേടിയത്. ശരാശരി 42.57 ആണെങ്കിൽ, എക്കോണമി റേറ്റ് 12-ന് അടുത്താണ്. ഈ സാഹചര്യത്തിലാണ് ശ്രീകാന്ത് ആര്‍സിബിക്ക് മുന്നറിയിപ്പുമായി എത്തിയത്. ഇന്നത്തെ മത്സരത്തിൽ ആർസിബി തോൽക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ, റൊമാരിയോ ഷെപ്പേർഡിനെക്കൊണ്ട് മൂന്ന് ഓവർ ബൗള്‍ ചെയ്യിക്കുക. അവൻ മൂന്ന് ഓവർ എറിഞ്ഞാൽ ആർസിബിയുടെ കൈയിൽ നിന്ന് കളി പോകും. അവനെക്കൊണ്ട് പന്തെറിയിക്കരുതെന്ന് മാത്രമല്ല, ഫൈനൽ ഇലവനിൽ പോലും ഷെപ്പേർഡിനെ ഉൾപ്പെടുത്തരുതെന്നും ശ്രീകാന്ത് പറഞ്ഞു.

പരിക്കേറ്റ് സീസണ്‍ പകുതിയിലേറെ നഷ്ടമായ ഇംഗ്ലണ്ട് ഓപ്പണർ ഫിൾ സാൾട്ട് ഫിറ്റായി ടീമില്‍ തിരിച്ചെത്തിയാലും ആര്‍സിബി ഓപ്പണിങ് കോമ്പിനേഷൻ മാറ്റരുതെന്ന് ശ്രീകാന്ത് ഉപദേശിച്ചു. നിലവിൽ ഓപ്പണറായി തിളങ്ങുന്ന വെങ്കിടേഷ് അയ്യരെത്തന്നെ നിലനിർത്തണം. കളിച്ച 5 ഇന്നിങ്സുകളിൽ രണ്ടെണ്ണത്തിൽ ഓപ്പൺ ചെയ്ത അയ്യർ, 184-ലധികം സ്ട്രൈക്ക് റേറ്റിൽ 59 ശരാശരിയോടെയാണ് റൺസ് അടിച്ചുകൂട്ടുന്നത്. മറുവശത്ത് ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടണമെങ്കിൽ ആർസിബിയുടെ മുൻനിര ബാറ്റിങ് സഖ്യത്തെ തകർക്കണമെന്നും ശ്രീകാന്ത് വ്യക്തമാക്കി. വിരാട് കോലി (600 റൺസ്), ദേവ്ദത്ത് പടിക്കൽ (463 റൺസ്), ക്യാപ്റ്റൻ രജത് പാടിദാർ (486 റൺസ്) എന്നിവരാണ് ആർസിബിയുടെ കരുത്ത്.

ഗുജറാത്തിന് എന്തെങ്കിലും വിജയസാധ്യത വേണമെങ്കിൽ വിരാട് കോലി-ദേവ്ദത്ത് പടിക്കൽ സഖ്യത്തെ തകർക്കണം. കോലി വെറും 40 റൺസ് എടുത്താൽ പോലും ആർസിബി ജയിക്കാറുണ്ട്. എന്നാൽ പടിക്കലുമായുള്ള അദ്ദേഹത്തിന്‍റെ കൂട്ടുകെട്ടാണ് പ്രധാനം. ഇവർക്കൊപ്പം രജത് പാടിദാറും ചേരുമ്പോൾ ആർസിബി ബാറ്റിങ് അതിശക്തമാകും. ഈ മൂന്ന് പേരിൽ രണ്ടുപേരെയെങ്കിലും തുടക്കത്തിലേ പുറത്താക്കാൻ കഴിഞ്ഞാൽ മാത്രമേ ഗുജറാത്തിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ. അതിനായി കാഗിസോ റബാഡയും മുഹമ്മദ് സിറാജും തുടക്കത്തിൽ മികച്ച സ്പെല്ലുകൾ എറിയേണ്ടി വരുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക