Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പിനായി വന്നില്ലെങ്കില്‍ ഞങ്ങളില്ലാതെ ലോകകപ്പ് നടത്തേണ്ടിവരും; ബിസിസിഐയെ വെല്ലുവിളിച്ച് റമീസ് രാജ

ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് വേദികളെ ചൊല്ലിയുള്ള ഇന്ത്യ-പാക് ക്രിക്കറ്റ് വാക്‌വാദം ചൂടുപിടിപ്പിക്കുന്നതാണ് റമീസ് രാജയുടെ വാക്കുകള്‍

If India not come to Pakistan for Asia Cup 2023 they can play odi World Cup without Pak team says PCB chairman Ramiz Raja
Author
First Published Nov 26, 2022, 2:00 PM IST

ലാഹോര്‍: ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പിസിബി ചെയര്‍മാന്‍ റമീസ് രാജ. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആരംഭിച്ച ഇന്ത്യ-പാക് ക്രിക്കറ്റ് വാക്‌വാദം ചൂടുപിടിപ്പിക്കുന്നതാണ് റമീസ് രാജയുടെ വാക്കുകള്‍. 

'അടുത്ത വര്‍ഷം(2023) ഇന്ത്യ വേദിയാവേണ്ട ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കുന്നില്ലെങ്കില്‍ ആരാണ് മത്സരം കാണാനുണ്ടാവുക. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ട്. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ എത്തിയാല്‍ ഞങ്ങള്‍ ലോകകപ്പിനായി ഇന്ത്യയിലേക്ക് വരും. ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഞങ്ങളില്ലാതെ ലോകകപ്പ് കളിക്കേണ്ടിവരും' എന്നും റമീസ് രാജ ഉറുദു ന്യൂസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീം യാത്ര ചെയ്യില്ലെന്നും ടൂര്‍ണമെന്‍റ് നിഷ്പക്ഷ വേദിയില്‍ നടക്കുമെന്നും ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷാ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജയ് ഷായുടെ വാക്കുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ തകര്‍ക്കുന്നതാണെന്നും ഇന്ത്യ ഏഷ്യാ കപ്പിനെത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ പാക് ടീം കളിക്കില്ല എന്നും പിസിബി അന്നുതന്നെ മറുപടി നല്‍കി.

ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും ഇന്ത്യന്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയതും ശ്രദ്ധേയമായി. ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിസിസിഐ അല്ലെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശമാണ് പ്രധാനമെന്നും പുതിയ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാക് ഭീഷണി; ആദ്യമായി പ്രതികരിച്ച് രോഹിത് ശര്‍മ്മ

Follow Us:
Download App:
  • android
  • ios