എന്നാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന നിലപാടില്‍ ബിസിസിഐ ഉറച്ചു നിന്നാല്‍ പിന്നീട് എന്തു സംഭവിക്കുമെന്നകാര്യത്തിലാണ് ആശങ്ക.

ലാഹോര്‍: അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ പാകിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയ മത്സരക്രമം അനുസരിച്ച് ലാഹോറിലാണ് ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കേണ്ടത്.

എന്നാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന നിലപാടില്‍ ബിസിസിഐ ഉറച്ചു നിന്നാല്‍ പിന്നീട് എന്തു സംഭവിക്കുമെന്നകാര്യത്തിലാണ് ആശങ്ക. ഹൈബ്രിഡ് മോഡലെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളിയാല്‍, ഒന്നുകില്‍ പാകിസ്ഥാനില്‍ കളിക്കുക അല്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുക എന്ന മാര്‍ഗം മാത്രമാണ് ബിസിസിഐക്ക് മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് മത്സരങ്ങള്‍ ബിസിസിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഹൈബ്രിഡ് മാതൃകയില്‍ ശ്രീലങ്കയിലായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ ഇതിന് ഐസിസി അനുമതി നല്‍കാതിരിക്കുകയും പാക് ബോര്‍ഡ് വിസമ്മതം അറിയിക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് പിന്‍മാറേണ്ട സാഹചര്യം ഉണ്ടാകും.

പാകിസ്ഥാനെതിരെ പ്രതികാരം വീട്ടാൻ ഇന്ത്യ ലെജൻഡ്സ്; കിരീടപ്പോരാട്ടം ഇന്ന്; മത്സരം കാണാനുള്ള വഴികൾ; ഇന്ത്യൻ സമയം

ഇന്ത്യ പിന്‍മാറിയാല്‍ പകരം ശ്രീലങ്കയാവും ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ശ്രീലങ്ക ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനത്ത് ഫിനിഷ് ചെയ്തവരാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയിട്ടുള്ളത്. ഇന്ത്യ പിന്‍മാറിയാല്‍ സ്വാഭാവികമായും ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശ്രീലങ്ക ടൂര്‍ണമെന്‍റില്‍ കളിക്കും. 2008ലെ ഏഷ്യാ കപ്പിനുശേശം ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മാസം അവസാനിച്ച ടി20 ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ ആറ് റൺസിന് പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക