വിക്കറ്റുകള്‍ നഷ്ടമായാല്‍ സ്വാഭാവികമായും ബാറ്റര്‍മാര്‍ സമ്മര്‍ദ്ദത്തിലാവും. ഞാനും ഔട്ടാവുമോ എന്ന ഭയം അവരെ പിടികൂടും. സ്വാഭാവികമായും കൈ വിറക്കാന്‍ തുടങ്ങും. പന്ത് കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ടും. അതുകൊണ്ടാണ് നെഹാല്‍ വധേര 18 പന്തില്‍ 15 റണ്‍സെടുത്തത്.
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പഞ്ചാബ് കിംഗ്സ് തോല്‍ക്കാന്‍ കാരണം ജോഷ് ഇംഗ്ലിസിന്‍റെയും നെഹാല്‍ വധേരയുടെ ഇന്നിംഗ്സുകളെന്ന് തുറന്നു പറഞ്ഞ് വീരേന്ദര്‍ സെവാഗ്. പഞ്ചാബിന്‍റെ ടോപ് 3 ബാറ്റര്‍മാരില്‍ ആരെങ്കിലും ഒരാള്‍ 60-70 റണ്‍സെങ്കിലും നേടിയിരുന്നെങ്കില്‍ പഞ്ചാബിന് കിരീടം നേടാമായിരുന്നുവെന്നും ക്രിക് ബസിലെ ചര്‍ച്ചയില്‍ സെവാഗ് പറഞ്ഞു.
ആര്‍സിബി ബാറ്റര്‍മാരെപ്പോലെ പഞ്ചാബ് ബാറ്റര്‍മാർക്കും നല്ല തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനായില്ല. ജോഷ് ഇംഗ്ലിസ് ഒരു 60-70 റണ്‍സടിച്ചിരുന്നെങ്കില്‍ അനായാസം കളി ജയിക്കാമായിരുന്നു. ശശാങ്ക് ഇന്നിംഗ്സിനൊടുവില്‍ ചെയ്തത് ഇംഗ്ലിസ് ആദ്യം ചെയ്യണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ പഞ്ചാബ് സ്കോറിംഗിന്‍റെ വേഗം കുറയില്ലായിരുന്നു. ആ സമയം മറുവശത്തുള്ള ബാറ്റര്‍ക്കും പിന്തുണ കൊടുക്കാനാവും. സ്വാഭാവികമായു സമ്മര്‍ദ്ദം ഒഴിയുകയും ചെയ്യും.
വിക്കറ്റുകള്‍ നഷ്ടമായാല്‍ സ്വാഭാവികമായും ബാറ്റര്‍മാര്‍ സമ്മര്‍ദ്ദത്തിലാവും. ഞാനും ഔട്ടാവുമോ എന്ന ഭയം അവരെ പിടികൂടും. സ്വാഭാവികമായും കൈ വിറക്കാന്‍ തുടങ്ങും. പന്ത് കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ടും. അതുകൊണ്ടാണ് നെഹാല്‍ വധേര 18 പന്തില്‍ 15 റണ്‍സെടുത്തത്. വധേര 18 പന്തില്‍ ഒരു 26 റണ്‍സായിരുന്നു സ്കോര്‍ ചെയ്തിരുന്നതെങ്കില്‍ പോലും പഞ്ചാബ് അനായാസം കളി ജയിക്കുമായിരുന്നു. പക്ഷെ ആദ്യ ഫൈനല്‍ കളിക്കുന്ന നെഹാല്‍ വധേരക്ക് സമ്മര്‍ദ്ദം താങ്ങാനായില്ല. അത്തരം സമ്മര്‍ദ്ദഘട്ടത്തില്‍ മികച്ച പ്രകടനം നടത്തുന്നവരാണ് വലിയ താരമാകുക. മോശം പ്രകടനം നടത്തുന്നവര്‍ പിന്നിലായിപ്പോവും. സാധാരണ മത്സരങ്ങളില്‍ ബാറ്റ് ചെയ്യുന്നതും ഫൈനലില്‍ ബാറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്. ആദ്യമായി ഫൈനല്‍ കളിക്കാനിറങ്ങിയപ്പോള്‍ നെഹാലിന് പിഴച്ചു. അവിടെയാണ് പഞ്ചാബിന് അടിതെറ്റിയത്.
അതുപോലെ പഞ്ചാബ് ഓപ്പണര്‍മാര്‍ നന്നായി തുടങ്ങിയെങ്കിലും പവര്‍ പ്ലേയില്‍ 52 റണ്‍സെ അവര്‍ നേടിയുള്ളു. ഒരു 60 റണ്‍സെങ്കിലും പവര്‍ പ്ലേയില്‍ അടിക്കുകയും ഓപ്പണര്‍മാരില്‍ ഒരാള്‍ കുറച്ചുകൂടി റണ്‍സടിക്കുകയും ചെയ്തിരുന്നെങ്കിലും പഞ്ചാബ് കിരീടത്തില്‍ മുത്തമിട്ടേനെയെന്നും സെവാഗ് പറഞ്ഞു. ഐപിഎല്‍ ഫൈനലില്‍ ആറ് റണ്‍സിന് പഞ്ചാബിനെ തോല്‍പിച്ചാണ് ആര്‍സിബി ആദ്യ കിരീടം നേടിയത്. ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിളെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തില്‍ മൂന്ന് സിക്സും ഒരു ബൗണ്ടറിയും നേടിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബ് വീണു.


