ഐപിഎല്‍ ഫ്ലോപ്പ് ഇലവന്‍റെ ഓപ്പണര്‍മാരായി പരിഗണിക്കാവുന്ന രണ്ട് താരങ്ങള്‍ ചെന്നൈ ടീമിലുണ്ട്. രചിന്‍ രവീന്ദ്രയും രാഹുല്‍ ത്രിപാഠിയും. അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച രാഹുല്‍ ത്രിപാഠി നേടിയത് 55 റണ്‍സ് മാത്രമാണ്. രചിന്‍ രവീന്ദ്രയാകട്ടെ എട്ട് കളികളില്‍ നേടിയത് 191 റണ്‍സും. 

അഹമ്മദാബാദ്: പുത്തന്‍ താരോദയങ്ങള്‍ ഏറെക്കണ്ട ഇത്തവണത്തെ ഐപിഎല്‍ പ്രതീക്ഷക്കൊത്ത് ഉയരാതെപോയ സൂപ്പര്‍താരങ്ങളെക്കൊണ്ടും ശ്രദ്ധേയമായിരുന്നു. ലേല ടേബിളില്‍ റെക്കോര്‍ഡിട്ട് കടന്നുവന്നവരില്‍ പലരും ഗ്രൗണ്ടിലിറങ്ങിയപ്പോൾ നനഞ്ഞ പടക്കങ്ങളായി മാറി. ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 27 കോടി രൂപക്ക് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് സ്വന്തമാക്കി റിഷഭ് പന്ത് തന്നെയായിരുന്നു ഈ ഐപിഎല്ലിലെ ഏറ്റവും വലിയ നിരാശകളിലൊന്ന്. 

ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍റെ നായകനും വിക്കറ്റ് കീപ്പറുമാവാന്‍ റിഷഭ് പന്തിനോളം അനുയോജ്യനായ മറ്റൊരു താരമില്ല. അവസാന ലീഗ് മത്സരത്തില്‍ സെഞ്ചുറി അടിച്ച് തന്‍റെ മൂല്യത്തിനൊത്ത ഒരു പ്രകടനം പുറത്തെടുത്തെങ്കിലും സീസണിലാകെ 14 മത്സരങ്ങളില്‍ നിന്ന് റിഷഭ് പന്ത് നേടിയത് 133.16 ശരാശരിയില്‍ 269 റണ്‍സ് മാത്രമാണ്. 

ഐപിഎല്‍ ഫ്ലോപ്പ് ഇലവന്‍റെ ഓപ്പണര്‍മാരായി പരിഗണിക്കാവുന്ന രണ്ട് താരങ്ങള്‍ ചെന്നൈ ടീമിലുണ്ട്. രചിന്‍ രവീന്ദ്രയും രാഹുല്‍ ത്രിപാഠിയും. അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച രാഹുല്‍ ത്രിപാഠി നേടിയത് 55 റണ്‍സ് മാത്രമാണ്. രചിന്‍ രവീന്ദ്രയാകട്ടെ എട്ട് കളികളില്‍ നേടിയത് 191 റണ്‍സും. മധ്യനിരയില്‍ 11.25 കോടി മുടക്കിയ ഇഷാന്‍ കിഷന്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹനായി. ആദ്യ കളിയില്‍ തന്നെ സെഞ്ചുറി നേടിയ കിഷന്‍ പിന്നീട് സീസണിലാകെ നേടിയത് 11 കളികളില്‍ 196 റൺസ് മാത്രം. നാലാം നമ്പറിലേക്ക് കൊല്‍ക്കത്ത 23.75 കോടി മുടക്കി നിലനിര്‍ത്തിയ വെങ്കടേഷ് അയ്യരെക്കാള്‍ നല്ലൊരു താരമില്ല. 11 മത്സരങ്ങളില്‍ 20.29 ശരാശരിയില്‍ വെങ്കടേഷ് അയ്യര്‍ നേടിയത് 142 റണ്‍സാണ്. 

പഞ്ചാബ് താരം ഗ്ലെന്‍ മക്സ്‌വെല്ലും ആര്‍സിബിയുടെ ലിയാം ലിവിംഗ്‌സ്റ്റണും ചെന്നൈയുടെ ദീപക് ഹൂഡയും അടങ്ങുന്നതാണ് ഫ്ലോപ്പ് ഇലവന്‍റെ മധ്യനിര. ഏഴ് ഇന്നിംഗ്സില്‍ നിന്ന് 48 റണ്‍സ് നേടിയ മാക്സ്‌വെല്ലും 8.75 കോടിക്ക് ആര്‍സിബിയിലെത്തി ഏഴ് കളികളില്‍ നിന്ന് 87 റൺസ് മാത്രം നേടിയ ലിയാം ലിവിംഗ്‌സ്റ്റണും ആറ് കളികളില്‍ നിന്ന് 31 റണ്‍സെടുത്ത ദീപക് ഹൂഡയും എന്തുകൊണ്ടും ഫ്ലോപ്പ് ഇലവന്‍റെ മധ്യനിര ഭരിക്കാന്‍ യോഗ്യരാണ്. 

മുഹമ്ദ് ഷമി നയിക്കുന്ന ഫ്ലോപ്പ് ഇലവന്‍റെ ബൗളിംഗ് നിരയില്‍ റാഷിദ് ഖാനും തുഷാര്‍ ദേശ്‌പാണ്ഡെയും ആര്‍ അശ്വിനുമുണ്ട്. 10 കോടിക്ക് ഹൈദരാബാദിനെത്തിയ ഷമി സീസണിലാകെ വീഴ്ത്തിയത് ആറ് വിക്കറ്റ് മാത്രം. 9.75 കോടിക്ക് ചെന്നൈയിലെത്തി അശ്വിനാകട്ടെ 10 കളികളില്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ 6.5 കോടിക്ക് രാജസ്ഥാനിലെത്തിയ തുഷാര്‍ ദേശ്‌പാണ്ഡെ വീഴ്ത്തിയത് ആറ് വിക്കറ്റ്. ഗുജറാത്തിന്‍റെ സ്പിന്‍ പ്രതീക്ഷയായിരുന്ന റാഷിദ് ആകട്ടെ 15 മത്സരങ്ങളില്‍ 9 വിക്കറ്റ് മാത്രമാണ് നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക