ചേപ്പോക്കിലെ പിച്ച് സഞ്ജുവിന് ഏറെ അനുയോജ്യമാണ്. അവിടെ വെച്ചാണ് അവൻ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തി മാൻ ഓഫ് ദി സീരീസ് ആയത്.

ചെന്നൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സഞ്ജു സാംസൺ വിശ്വരൂപം പുറത്തെടുക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. രാജസ്ഥാൻ റോയൽസിൽ നിന്നും ഈ സീസണിൽ ചെന്നൈയിലെത്തിയ സഞ്ജുവിന് ആദ്യ മത്സരത്തിൽ തിളങ്ങാനായിരുന്നില്ല. എന്നാൽ സ്വന്തം തട്ടകമായ ചേപ്പോക്കിൽ സഞ്ജു പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ശ്രീകാന്തിന്‍റെ പ്രവചനം. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ചേപ്പോക്കിലെ പിച്ച് സഞ്ജുവിന് ഏറെ അനുയോജ്യമാണ്. അവിടെ വെച്ചാണ് അവൻ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തി മാൻ ഓഫ് ദി സീരീസ് ആയത്. ഇന്ന് സഞ്ജു പഞ്ചാബിനെ തൂക്കിയടിക്കുന്നത് നമുക്ക് കാണാം. ആദ്യ നാലോ അഞ്ചോ പന്തുകൾ നോക്കിയ ശേഷം സഞ്ജു തന്‍റെ സ്വഭാവിക ശൈലിയിലേക്ക് മാറണം. സഞ്ജു ഫോമിലായാൽ അവനെ പിടിച്ചുകെട്ടാൻ പഞ്ചാബ് നിരയിൽ ആരുമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

ചെന്നൈയുടെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തണമെന്നും ശ്രീകാന്ത് നിർദ്ദേശിച്ചു. കഴിഞ്ഞ മത്സരത്തിൽ ഏഴാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ശിവം ദുബെയെ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇറക്കണമെന്ന് ശ്രീകാന്ത് പറഞ്ഞു. റിതുരാജ് ഗെയ്‌ക്‌വാദും സഞ്ജുവും ചേർന്ന് ഒരു സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും ശ്രീകാന്ത് കൂട്ടിിച്ചേർത്തു.

പഞ്ചാബ് കിംഗ്‌സ് ശക്തമായ ടീമാണെന്നും ഗുജറാത്ത് ടൈറ്റൻസിനെതിരായ ജയത്തോടെ അവർ വലിയ ആത്മവിശ്വാസത്തിലാണെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി. കടലാസിൽ പഞ്ചാബിനാണ് മുൻതൂക്കമെങ്കിലും ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചുകളിൽ ചെന്നൈ അപകടകാരികളാണ്. 220 റൺസ് സ്കോർ ചെയ്യുന്ന ടീമിനായിരിക്കും ഇന്നത്തെ മത്സരത്തിൽ വിജയസാധ്യതയെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

കഴിഞ്ഞ സീസണിൽ പഞ്ചാബിനോട് ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടിരുന്നു. ആ ക്ഷീണം തീർക്കാൻ സഞ്ജുവിന്റെ ഒരു 'മാസ്സ്' ഇന്നിംഗ്‌സ് ചെന്നൈയ്ക്ക് അനിവാര്യമാണ്. ഇന്ന് രാത്രി 7:30-നാണ് ചെന്നൈയിലെ ചേപ്പോക്ക് സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക