ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്സിലെ പത്തുവിക്കറ്റും വീഴ്ത്തിയ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ബൗളറാണ് ഇന്ത്യയുടെ അനില്‍ കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കിയത് കുംബ്ലെ മാത്രമാണ്. അദ്ദേഹത്തിനുശേഷം മറ്റൊരു ബൗളര്‍ക്കും ആ നേട്ടം സ്വന്തമാക്കാനായിട്ടില്ല എന്നത് തന്നെ ആ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. 1999ലെ ഡല്‍ഹി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു കുംബ്ലെ പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തി ചരിത്രനേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ ആ മത്സരത്തില്‍ അമ്പയറുടെ തീരുമാനം പുന: പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റം(ഡിആര്‍എസ്) ഉണ്ടായിരുന്നെങ്കില്‍ പത്തില്‍ പത്തുവിക്കറ്റെന്ന ചരിത്ര നേട്ടം താന്‍ നേരത്തെ സ്വന്തമാക്കുമായിരുന്നുവെന്ന് തുറന്നുപറയുകയാണ് അനില്‍ കുംബ്ലെ. ആര്‍ അശ്വിനുമൊത്തുള്ള സംഭാഷണത്തിനിടെയാണ് കുംബ്ലെയുടെ തുറന്നുപറച്ചില്‍.

കുംബ്ലെ പത്തു വിക്കറ്റെടുത്ത ടെസ്റ്റില്‍ കര്‍ണാടകക്കാരനായ എ വി ജയപ്രകാശ് ആയിരുന്നു ഒരു അമ്പയര്‍. അദ്ദേഹമാണ് മത്സരത്തിലെ 10 പാക് വിക്കറ്റുകളും ഔട്ട് വിളിച്ചത്. അമ്പയറെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കുംബ്ലെക്ക് അനുകൂലമായി എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങളുണ്ടായിരുന്നു. എന്നൈാല്‍ അത് പൂര്‍ണമായും തെറ്റാണെന്ന് കുംബ്ലെ പറഞ്ഞു. കാരണം വിക്കറ്റില്‍ നിന്നോ, അമ്പയര്‍മാരില്‍ നിന്നോ എനിക്ക് അധിക ആനുകൂല്യമൊന്നും കിട്ടിയിട്ടില്ല. ഒരുപക്ഷെ ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ താന്‍ ഈ നേട്ടം കുറച്ചുകൂടി നേരത്തെ സ്വന്തമാക്കിയേനെ എന്ന്  കുംബ്ലെ പറഞ്ഞു.

ആ മത്സരത്തില്‍ ചായക്ക് മുമ്പ് വീണ ആറു വിക്കറ്റുകളും ഞാന്‍ സ്വന്തമാക്കിയിരുന്നു. ചായക്കു പിരിഞ്ഞപ്പോള്‍ ലഞ്ചിനുശേശം തുടര്‍ച്ചയായി പന്തെറിഞ്ഞതിനാല്‍ ഞാനല്‍പ്പം ക്ഷീണിതനായിരുന്നു. എന്നാല്‍ അപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത നേട്ടം സ്വന്തമാക്കാനുള്ള ഒരു അവസരമുണ്ടല്ലോ എന്ന്. അപ്പോഴും 10ല്‍ 10 വിക്കറ്റും കിട്ടുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. കാരണം അങ്ങനെ കരുതി ഒരു കളിയിലും ഇറങ്ങാനാവില്ലല്ലോ. എങ്കിലും ശ്രമിക്കാമെന്ന് തോന്നി. ഞാനെറിഞ്ഞ ഒരോവറിലെ അഞ്ചാമത്തെയും ആറാമത്തെയും പന്തിലാണ് പാക്കിസ്ഥാന്റെ എട്ടാമത്തെയും ഒമ്പതാമത്തെയും വിക്കറ്റ് വീണത്.

അതിനുശേഷം ഓവര്‍ പൂര്‍ത്തിയായതിനാല്‍ ഞാന്‍ ഫീല്‍ഡ് ചെയ്യാനായി തേര്‍ഡ് മാനിലേക്ക് പോയി. എന്നാല്‍ ഗ്യാലറിയിലിരുന്ന് ആരാധകര്‍ എന്നോട് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു, താങ്കള്‍ക്ക് 10ല്‍ 10 വിക്കറ്റും കിട്ടുമെന്ന്. എനിക്ക് 10 വിക്കറ്റ് കിട്ടാനായി അടുത്ത ഓവര്‍ എറിഞ്ഞ ജവഗല്‍ ശ്രീനാഥ് തന്റെ എല്ലാ പന്തും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞു. ഞാന്‍ ശ്രീനാഥിനോട് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ എല്ലാവരും എനിക്ക് 10 വിക്കറ്റ് കിട്ടണമെന്ന ലക്ഷ്യത്തിലായിരുന്നു. ഒരുപക്ഷെ ശ്രീനാഥ് കരിയറില്‍ എറിഞ്ഞ ഏറ്റവും ബുദ്ധിമുട്ടേറിയ ഓവര്‍ ആയിരിക്കും അത്.

ആ ഓവറില്‍ സദഗോപന്‍ രമേശിന് നേരെ പോയ ക്യാച്ച് അദ്ദേഹം നിലത്തിട്ടിരുന്നു. അദ്ദേഹത്തിന് അനായാസം എടുക്കാവുന്ന ക്യാച്ചായിരുന്നില്ല അത്. അതുകൊണ്ടാണ് അത് അദ്ദേഹം കൈവിട്ടത്. ഇല്ലെങ്കില്‍ ഒരുപക്ഷെ ആ ക്യാച്ച് അദ്ദേഹം എടുത്തേനെ. പക്ഷെ ആ പന്ത് രമേശിനുനേരെ ഉയര്‍ന്നപ്പോള്‍ തന്നെ ഗ്യാലറിയില്‍ നിന്ന് ഡ്രോപ്പ്, ഡ്രോപ്പ് എന്ന് അലറി വിളിക്കുകയായിരുന്നു കാണികള്‍.


അടുത്ത ഓവര്‍ എറിയാനായി എത്തിയപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന വസീം അക്രത്തെ സ്ട്രൈക്കില്‍ നിന്ന് മാറ്റി വഖാറിന്റെ വിക്കറ്റെടുക്കാനായിരുന്നു എന്റെ ശ്രമം. എന്നാല്‍ ആദ്യ രണ്ട് പന്തുകളിലും അക്രം സിംഗിളെടുക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ ഫീല്‍ഡര്‍മാരെ അടുത്തനിര്‍ത്തി അക്രത്തെ വീഴ്ത്താനുള്ള തന്ത്രമൊരുക്കി. കാരണം ശ്രീനാഥ് ഇനിയും ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയുമെന്ന് എനിക്ക് പ്രതീക്ഷിക്കാനാവില്ലായിരുന്നു. എന്റെ പന്ത് തിരിയുമെന്ന് കരുതി ബാറ്റ് വെച്ച അക്രത്തിന് പിഴക്കുകയും എഡ്ജ് ചെയ്ത പന്ത് ലക്ഷ്മണ്‍ കൈയിലൊതുക്കുകയും ചെയ്തതോടെ ആ ചരിത്ര നേട്ടം സംഭവിച്ചുവെന്നും കുംബ്ലെ പറ‍ഞ്ഞു.