ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 212 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 138 റണ്‍സിന് ഓള്‍ ഔട്ടായി.

ലണ്ടൻ: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ രണ്ട് ദിവസത്തിനുള്ളില്‍ 28 വിക്കറ്റുകള്‍ വീണതിന് പിന്നാലെ പിച്ചിനെയും വിദേശ മാധ്യമങ്ങളെയും പരിഹസിച്ച് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയിലെ ഒരു ടെസ്റ്റ് മത്സരത്തിലാണ് ഇത്തരത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ 28 വിക്കറ്റുകള്‍ വീണിരുന്നതെങ്കില്‍ വിദേശ മാധ്യമങ്ങളും മുന്‍ താരങ്ങളുമെല്ലാം ഇപ്പോൾ ഇന്ത്യ പിച്ചില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി രംഗത്തെത്തുമായിരുന്നുവെന്ന് ആകാശ് ചോപ്ര പറ‍ഞ്ഞു. ഇന്ത്യയിലാണ് ഇത്തരത്തില്‍ വിക്കറ്റുകള്‍ വീണതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലുന്നേ എന്ന് വിദേശ മാധ്യമങ്ങള്‍ മുറവിളി കൂട്ടുമായിരുന്നു. എന്നാല്‍ ഇത് ഇംഗ്ലണ്ടിലായതുകൊണ്ട് സ്പോര്‍ട്ടിംഗ് പിച്ചായി എന്നും ആകാശ് ചോപ്ര പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 212 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 138 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലുമാണ്. പിച്ചിലെ അസാധാരണ ബൗണ്‍സും മൂവ്മെന്‍റുമാണ് ബാറ്റിംഗ് ദുഷ്കരമാക്കുന്നത്.

ലോര്‍ഡ്സ് ടെസ്റ്റിനെക്കുറിച്ച് എനിക്ക് ഒരുകാര്യം ചോദിക്കാനുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ 28 വിക്കറ്റുകള്‍ വീണത് ഇന്ത്യൻ പിച്ചിലായിരുന്നെങ്കില്‍ വിദേശമാധ്യമങ്ങള്‍ ഇപ്പോള്‍ പിച്ചിനെ കുറ്റം പറയാന്‍ ഇപ്പോള്‍ മുന്നിട്ടിറങ്ങുമായിരുന്നു. ഇത്തരം പിച്ചുകള്‍ എങ്ങനെയാണ് അനുവദിക്കാനാവുകയെന്നും ജയിക്കാനായി ഇന്ത്യ പിച്ചില്‍ കൃത്രിമം കാട്ടിയെന്നും പരാതി ഉയരുമായിരുന്നു. അത് മാത്രമല്ല, ഇന്ത്യ ഇത്തരം പിച്ചുകളുണ്ടാക്കി ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലുകയാണെന്ന് വരെ പറയുന്നുവരുമുണ്ട്.

അതേസമയം, ഇന്ത്യയിലെ ടേര്‍ണിംഗ് പിച്ചുകളെ കുറ്റം പറയാറുള്ള ദ് ടെലഗ്രാഫും സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡുമെല്ലാം ഇംഗ്ലണ്ടിലെ പിച്ചിനെ സ്പോര്‍ട്ടിംഗ് വിക്കറ്റ് എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുതെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. മത്സരത്തില്‍ 200 റണ്‍സിലേറെ ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയക്ക് ഇപ്പോള്‍ തന്നെ വ്യക്തമായ ആധിപത്യമുണ്ട്. ലോര്‍ഡ്സില്‍ 200 റണ്‍സിനു മുകളിലുള്ള വിജയലക്ഷ്യം എതിരാളികള്‍ക്ക് മുന്നില്‍ വെച്ചപ്പോഴൊന്നും ഓസ്ട്രേലിയ തോറ്റിട്ടില്ലെന്നതാണ് ചരിത്രം. എന്നാല്‍ മുമ്പ് സംഭവിച്ചിട്ടില്ലെങ്കിലും ഇനി ഒരിക്കലും സംഭവിച്ചുകൂടാ എന്നില്ലെന്നും അതുകൊണ്ട് ദക്ഷിണാഫ്രിക്കക്ക് ഇനിയും സാധ്യതയുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക