51 പന്തിൽ 151 റൺസടിച്ച അലൻ മേജർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും ടി20യിൽ അതിവേഗ 150 റൺസും ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകളും നേടി.

കാലിഫോര്‍ണിയ: മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഫിന്‍ അലന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ വാഷിംഗ്ടണ്‍ ഫ്രീഡംസിനെതിരെ സാന്‍ ഫ്രാന്‍സിസ്കോ യുണികോൺസിന് 123 റണ്‍സിന്‍റെ കൂറ്റൻ ജയം. ഓപ്പണര്‍ ഫിന്‍ അലന്‍ 51 പന്തില്‍ 151 റണ്‍സടിച്ചപ്പോൾ ആദ്യം ബാറ്റ് ചെയ്ത സാൻഫ്രാൻസിസ്കോ യുണികോണ്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ വാഷിംഗ്ടണ്‍ ഫ്രീഡംസ് 13.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായി. 20 പന്തില്‍ 39 റണ്‍സടിച്ച മിച്ചല്‍ ഓവനും 17 പന്തില്‍ 42 റൺസടിച്ച രച്ചിന്‍ രവീന്ദ്രയും 7 പന്തില്‍ 21 റണ്‍സടിച്ച ജാക്ക് എഡ്വേര്‍ഡ്സും 15 റണ്‍സെടുത്ത ബെന്‍ സീര്‍സും മാത്രമാണ് ഫ്രീഡംസ് ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്. യുണികോണ്‍സിനായി ഹാരിസ് റൗഫും ഹസന്‍ ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുണികോൺസ് ഫിന്‍ അലന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അലന്‍ 34 പന്തില്‍ സെഞ്ചുറിയിലെത്തി. മേജര്‍ ലീഗ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 40 പന്തില്‍ സെഞ്ചുറി തികച്ച നിക്കോളാസ് പുരാന്‍റെ റെക്കോര്‍ഡാണ് അലന്‍ തകര്‍ത്തത്. 49 പന്തില്‍ 150 റണ്‍സ് പിന്നിട്ട അലൻ ടി20 ക്രിക്കറ്റില്‍ അതിവേഗം 150 റണ്‍സ് പിന്നിടുന്ന ബാറ്ററെന്ന ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 50 പന്തില്‍ 150 റണ്‍സടിച്ച ഡെവാള്‍ഡ് ബ്രെവിസിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അലൻ പഴങ്കഥയാക്കിയത്. 2013ല്‍ ക്രിസ് ഗെയ്ല്‍ ആര്‍സിബിക്കായി 53 പന്തില്‍ 150 റണ്‍സടിച്ചിരുന്നു.

Scroll to load tweet…

ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന ക്രിസ് ഗെയ്‌ലിന്‍റെ ലോക റെക്കോര്‍ഡും അലന്‍ ഇന്ന് സ്വന്തമാക്കി. ക്രിസ് ഗെയ്‌ലും എസ്റ്റോണിയയുടെ സാഹില്‍ ചൗഹാനും 18 സിക്സുകള്‍ നേടിയതിന്‍റെ റെക്കോര്‍ഡാണ് അലന്‍ 19 സിക്സുകളുമായി ഇന്ന് മറികടന്നത്. 296.08 സ്ട്രൈക്ക് റേറ്റിലായിരുന്നു ഇന്ന് അലന്‍റെ ബാറ്റിംഗ്. ആറ് മാസം മുമ്പ് നടന്ന ഐപിഎല്‍ ലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അലനെ സ്വന്തമാക്കാന്‍ ടീമുകളാരും രംഗത്തുവന്നിരുന്നില്ല.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക