ലണ്ടന്‍: ഒട്ടും ആഘോഷിക്കപ്പെടാതെ പോകുന്ന ഇന്നിംഗ്‌സാണ് പാക് താരം ബാബര്‍ അസമിന്റേതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഒന്നാം ടെസ്റ്റില്‍ അസം പുറത്തെടുത്ത പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഹുസൈന്‍. 69 റണ്‍സുമായി അസം ഇപ്പോഴും ക്രീസിലുണ്ട്. ഒരു ഘട്ടത്തില്‍ രണ്ടിന് 53 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കെ പാകിസ്ഥാനെ രക്ഷിച്ചത് അസമിന്റേയും ഷാന്‍ മസൂദ് (പുറത്താകാതെ 46) ഇന്നിങ്‌സായിരുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിഴലിലാണ് പാകിസ്ഥാനെന്നാണ് ഹുസൈന്റെ പക്ഷം. അദ്ദേഹം തുടര്‍ന്നു... ''ഒട്ടും ചര്‍ച്ച ആഘോഷിക്കാതേയൊ ചര്‍ച്ച ചെയ്യാതേയൊ പോകുന്ന ഇന്നിംഗ്‌സാണ് അസമിന്റേത്. ഈ സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആയിരുന്നെങ്കില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഈ ഇന്നിങ്‌സിനെ വാഴ്ത്തിയേനെ. എന്നാല്‍ അസമിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അസമിന് 2018ന് ശേഷം ടെസ്റ്റില്‍ 68 ഉം ഏകദിന ക്രിക്കറ്റില്‍ 55 ഉം ശരാശരിയുണ്ട്. മാത്രമല്ല അവന്‍ ചെറുപ്പവുമാണ്. ക്രിക്കറ്റ് ലോകം കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവര്‍ അടങ്ങുന്ന ഫാബ് ഫോറിനെ കുറിച്ച് സംസാരിക്കും. എന്നാല്‍ ഫാബ് ഫൈവില്‍ ഉള്‍പ്പെടേണ്ട താരമാണ് അസം.

ഒരു ക്രിക്കറ്റ് രാജ്യമെന്ന നിലയില്‍ ഒരുപാട് പ്രതിസന്ധികള്‍ മറികടകന്നാണ് പാകിസ്ഥാന്‍ വരുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പോലും അവര്‍ക്ക് കളിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരം ഇന്നിങ്‌സുകള്‍ വാഴ്ത്തപ്പെടാതെ പോകുന്നത്. പാക് ടീം ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിഴലിലാണ്. ഐപിഎല്‍ കളിക്കാനാവുന്നില്ല, ഇന്ത്യക്കെതിരെ കളിക്കാനും പറ്റുന്നില്ല. ഇതിനെയെല്ലാം പാക് ക്രിക്കറ്റ് തരണം ചെയ്യേണ്ടതുണ്ട്.''  നാസര്‍ ഹുസൈന്‍ പറഞ്ഞുനിര്‍ത്തി.

ജയിംസ് ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് പേസ് നിരയ്ക്ക് ആദ്യദിനം കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്ററില്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 139 എന്ന നിലയിലാണ് സന്ദര്‍ശകര്‍. മഴ തടസപ്പെടുത്തിയതിനാല്‍ മുഴുവന്‍ ഓവറുകളും എറിയാന്‍ സാധിച്ചിരുന്നില്ല.