ഇത് തികച്ചും അപകടകരമായ വഴിയാണ്. ശാരീരികമായി ഏറ്റുമുട്ടുന്നത് തെറ്റായ കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ജയ്സ്വാൾ ഫീൽഡ് ചെയ്യുമ്പോൾ നിരോഷൻ ഡിക്‌വെല്ലയോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു.

കൊളംബോ: കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം പേസർ അസിത ഫെർണാണ്ടോയുമായി ഗ്രൗണ്ടിൽ വാക്കേറ്റത്തിൽ ഏർപ്പെട്ട ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം അജയ് ജഡേജ.സ്വയം പരിഹസിക്കപ്പെടുമ്പോൾ ചിരിക്കാൻ കഴിയില്ലെങ്കിൽ, മറ്റുള്ളവരെ പരിഹസിക്കാനും നമുക്ക് അവകാശമില്ല. മൈതാനത്ത് നിൽക്കുമ്പോൾ തിരിച്ചു കേൾക്കാൻ കഴിവില്ലെങ്കിൽ, മറ്റുള്ളവരോട് ഒന്നും പറയാതിരിക്കുകയാണ് വേണ്ടതെന്ന് സോണി സ്‌പോർട്‌സിൽ സംസാരിക്കവെ അജയ് ജഡേജ വ്യക്തമാക്കി.

ഇത് തികച്ചും അപകടകരമായ വഴിയാണ്. ശാരീരികമായി ഏറ്റുമുട്ടുന്നത് തെറ്റായ കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ജയ്സ്വാൾ ഫീൽഡ് ചെയ്യുമ്പോൾ നിരോഷൻ ഡിക്‌വെല്ലയോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. സംസാരത്തിലെ ഭാഷ അതിരുകടക്കാത്തിടത്തോളം അത്തരം തമാശകൾ നല്ലതാണെന്നാണ് നമ്മൾ കരുതിയതെന്നും ജഡേജ പറഞ്ഞു.

മത്സരത്തിലെ 17-ാം ഓവറിൽ ഫെർണാണ്ടോയുടെ പന്തിൽ തുടർച്ചയായി മൂന്ന് ഫോറുകൾ നേടിയ ശേഷം അവസാന പന്തിൽ ജയ്സ്വാൾ പുറത്തായിരുന്നു. തുടർന്ന് ഫെർണാണ്ടോ നൽകിയ സെന്‍ഡ് ഓഫില്‍ അസ്വസ്ഥനായ ജയ്സ്വാൾ പെട്ടെന്ന് ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുന്നത് നിർത്തി ബൗളർക്ക് നേരെ തിരി‌ഞ്ഞ് വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇരുതാരങ്ങളും തമ്മിൽ നേർക്കുനേർ വരികയും പരസ്പരം തള്ളുകയും ചെയ്തതോടെ ശ്രീലങ്കൻ നായകൻ ധനഞ്ജയ ഡി സിൽവയും മറ്റ് താരങ്ങളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Scroll to load tweet…

അത്രയും അടുത്ത് പോകേണ്ടതില്ലായിരുന്നു: സിതാൻഷു കോട്ടക്

ആദ്യ ദിനത്തിലെ കളി അവസാനിച്ച ശേഷം സംസാരിച്ച ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടകും ജയ്സ്വാളിന്‍റെ പെരുമാറ്റത്തെ പൂർണ്ണമായി ന്യായീകരിച്ചില്ല. ഫെർണാണ്ടോയോട് അത്രയും അടുത്ത് പോയി ഏറ്റുമുട്ടേണ്ട കാര്യം ജയ്സ്വാളിന് ഇല്ലായിരുന്നുവെന്ന് കോട്ടക് പറഞ്ഞു.

ആവേശത്തിന്‍റെ പുറത്ത് ബൗളർ എന്തെങ്കിലും കമന്‍റ് പറഞ്ഞതായിരിക്കാം. തീർച്ചയായും ജയ്സ്വാൾ അത്രയും അടുത്ത് പോയി പ്രതികരിക്കേണ്ടതില്ലായിരുന്നു. എന്നാൽ കളിയുടെ ആവേശത്തിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും സിതാൻഷു കോട്ടക് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക