കാണികളില്‍ എല്ലാവരുമല്ല, രണ്ടോ മൂന്നോ പാക് ആരാധകരാണ് ഇന്ത്യ വിരുദ്ധ മദ്രാവാക്യം വിളിച്ചതും കശ്മീര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതും. അതിനോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ഞാന്‍ നടത്തിയത്.
പല്ലെക്കെല്ലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-നേപ്പാള്‍ മത്സരം മഴ മുടക്കിയപ്പോള്‍ ഗ്യാലറിയിലിരുന്ന ആരാധകര്‍ക്കുനേരെ നടുവിരലുയര്‍ത്തി അശ്ലീല ആംഗ്യം കാട്ടിയെന്ന ആരോപണത്തില്‍ രൂക്ഷമായ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ശരിയായ ചിത്രമല്ല നല്‍കുന്നതെന്നും കശ്മീരിനെക്കുറിച്ച് പറഞ്ഞാല്‍ ചിരിച്ചുകൊണ്ട് പോകാനാവില്ലെന്നും ഗംഭീര്‍ പ്രതികരിച്ചു.
കോലി ചാന്‍റ് ഉയര്‍ത്തിയവര്‍ക്കുനേരെ ഞാന്‍ അശ്ലീല ആംഗ്യം കാട്ടിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു സത്യവുമില്ല. കാരണം, ആളുകള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് മാത്രമെ കാണുകയുള്ളു. ആ വിഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്. സ്റ്റേഡിയത്തിലെ ഒരു വിഭാഗം കാണികള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കി. കശ്മീരിനെക്കുറിച്ച് പലതും വിളിച്ചു പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഏതൊരു ഇന്ത്യക്കാരനും പ്രതികരിക്കും. അല്ലാതെ അത് പറഞ്ഞവരോട് പ്രതികരിക്കാരെ ചിരിച്ചുകൊണ്ടു നടന്നു പോകാനാവില്ല.
കാണികളില്‍ എല്ലാവരുമല്ല, രണ്ടോ മൂന്നോ പാക് ആരാധകരാണ് ഇന്ത്യ വിരുദ്ധ മദ്രാവാക്യം വിളിച്ചതും കശ്മീര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതും. അതിനോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ഞാന്‍ നടത്തിയത്. കാരണം എന്‍റെ രാജ്യത്തിനെതിരെ പറയുന്നതൊന്നും എനിക്ക് കേള്‍ക്കാനാവില്ല. അതുകൊണ്ടാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നും ഗംഭീര്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
എന്നെയോ എന്‍റെ രാജ്യത്തെയോ അപമാനിച്ചാല്‍ പ്രതികരിക്കരുത് എന്നാണോ നിങ്ങള്‍ പറയുന്നത്. എന്നാല്‍ ഞാന്‍ അത്തരത്തിലുള്ള ആളല്ല. കളി കാണാനെത്തുന്നവരോട് എനിക്ക് ആകെ പറയാനുള്ളത്, കളി കാണാനാണ് വന്നതെങ്കില്‍ അത് ആസ്വദിക്കുക, അല്ലാതെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തരുത്, ഇന്ത്യവിരുദ്ധ പരാമര്‍ശങ്ങളും അരുത്-ഗംഭീര്‍ പറഞ്ഞു.
ഐപിഎല്ലിനിടെ ലഖ്നൗ ടീം മെന്‍ററായിരുന്ന ഗംഭീറും ആര്‍സിബി താരമായ വിരാട് കോലിയും തമ്മില്‍ ഗ്രൗണ്ടില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഗംഭീര്‍ പോകുന്ന ഇടങ്ങളിലെല്ലാം ആരാധകര്‍ കോലി ചാന്‍റുയര്‍ത്തി ഗംഭീറിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിനോടും ഗംഭീര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
